തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് ശുചീകരണം. ആർമി, ഫയർഫോഴ്സ്, സി.ആർ.പി.എഫ്, പൊലീസ്, എൻ.സി.സി, വിവിധ രാഷ്ട്രീയ കക്ഷികൾ, ബഹുജന- സർവീസ് സംഘടനകൾ, നഗരസഭ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരടക്കം ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. റെയിൽവേയുടെ അനുമതിയോടെയാകും ശുചീകരണം. മേജർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോടിന്റെ ഇരുകരയിലുമുള്ള കൈയേറ്റങ്ങൾ കണ്ടെത്തി ബണ്ട് റോഡ് മാർക്ക് ചെയ്യും. ഇതിന് താലൂക്ക് തഹസിൽദാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു. ആമയിഴഞ്ചാൻ തോടിലുള്ള മാലിന്യവും മണലും നീക്കം ചെയ്യുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് നിർദ്ദേശം നൽകും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ബാലചന്ദ്രൻ .പി.കെ കൺവീനറായും നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ ജോയിന്റ് കൺവീനറായുമുള്ള കമ്മിറ്റി രൂപീകരിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടികളുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ മേധാവികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
രാവിലെ 7ന് പ്രവർത്തനങ്ങൾ ആരംഭിക്കും
ആമയിഴഞ്ചാൻ തോടിന്റെ കണ്ണമ്മൂല മുതൽ ആക്കുളം
വരെയുള്ള ഭാഗമാണ് ശുചീകരിക്കുന്നത്.
നിർദ്ദേശങ്ങൾ
--------------------------
സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ
നഗരസഭ പള്ളിത്തുറ പാലം ഉൾപ്പെടുന്ന പ്രദേശങ്ങൾ വൃത്തിയാക്കും
ഒഴുക്ക് തടസപ്പെടുത്തുന്ന മുഴുവൻ മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും
മുറിക്കാനും നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ
റോഡിന് ഇരുവശങ്ങളിലുമുള്ള മുഴുവൻ ഓടകളും വൃത്തിയാക്കും
ശുചീകരണത്തോടനുബന്ധിച്ച് നീക്കം ചെയ്യുന്ന മാലിന്യം സംഭരിക്കുന്നതിന്
നഗരസഭ സ്ഥലം കണ്ടെത്തി നൽകും