തിരുവനന്തപുരം:എറണാകുളത്തെ കുന്നത്തുനാടിൽ നിലം നികത്തുന്നത് തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യൂവകുപ്പ് അനുമതി നൽകിയതിൽ നിയമവശങ്ങൾ പരിശോധിച്ചശേഷമേ നടപടിയെടുക്കൂ എന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി പാലിക്കണമെന്നാണ് സർക്കാർ നിലപാട്. അതിന് വിരുദ്ധമായി എന്തെങ്കിലും നടന്നെങ്കിൽ അത് അനുവദിക്കില്ല. നിയമവശം കൂടുതൽ വിലയിരുത്തിയ ശേഷം നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം.
കുന്നത്തുനാട് വില്ലേജിലെ 15ഏക്കർ വയൽ നികത്താനാണ് റവന്യൂവകുപ്പ് അനുമതി നൽകിയത്. തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തള്ളിയുമായിരുന്നു ഉത്തരവ്.
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സ്‌പീക്‌സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണ് ഭൂമി. മുൻപ് ഇത് സിന്തൈറ്റ് കമ്പനിയുടെ പേരിലായിരുന്നു. തണ്ടപ്പേർ അനുസരിച്ച് ഇത് നിലമാണ്. തണ്ണീർത്തട നിയമമനുസരിച്ച് തയ്യാറാക്കിയ ഡേറ്റാബാങ്കിലും ഇത് നിലമാണ്. എന്നാൽ തണ്ണീർതട നിയമം വരുന്നതിന് മുമ്പ് നിലം നികത്താൻ അനുമതി ലഭിച്ചെന്നും നിയമം വന്ന ശേഷം അനുമതി പിൻവലിച്ചെന്നുമാണ് കമ്പനിയുടെ വാദം. നിയമപരമായ തിരിച്ചടി ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന നടപടിയാണ് റവന്യുവകുപ്പ് ആലോചിക്കുന്നത്.
റവന്യൂവകുപ്പിന്റെ പേരിൽ വ്യാജ ഉത്തരവ് നിർമ്മിച്ചെന്ന ആക്ഷേപത്തിൽ വിജിലൻസ് അന്വേഷണവും പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.