തിരുവനന്തപുരം: ഡ്രഡ്‌ജർ അഴിമതിയാരോപണത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തത് നിയമോപദേശം മറികടന്നാണ്. ജേക്കബ് തോമസിനെതിരെ തെളിവില്ലെന്നും കോടതി തള്ളിയ ആരോപണത്തിൽ കേസെടുക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് വിജിലൻസ് ആസ്ഥാനത്തെ അഭിഭാഷകരടങ്ങിയ സമിതിയുടെ നിയമോപദേശം. ഇത് തള്ളിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ജേക്കബ്തോമസ് തുമുഖ ഡയറക്ടറായിരിക്കെ കട്ടർ സക്‌ഷൻ ഡ്രഡ്‌ജർ വാങ്ങിയതിൽ 14 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നായിരുന്നു ആരോപണം. വിജിലൻസിന്റെ പ്രാഥാമിക അന്വേഷണ റിപ്പോർട്ട് പരിശോധിച്ച നിയമോപദേശക സമിതി ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. ഹോളണ്ടിലെ ഐ.എച്ച്.സി കമ്പനിക്ക് പദ്ധതി നൽകിയത് ടെൻഡർ നടപടികൾ അട്ടിമറിച്ചാണെന്ന് കരുതാനാവില്ലെന്നും ടെൻഡർ നടപടികളിൽ തിടുക്കം കാട്ടിയത് തുറമുഖ വകുപ്പിന്റെ അധികചുമതലയുള്ള ഉദ്യോഗസ്ഥനാണെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
ആദ്യം വിജിലൻസും പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയും തള്ളിയ ആരോപണത്തിൽ വീണ്ടും കേസെടുക്കുന്നത് നിയമ പ്രക്രയയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രിൽ 5നാണ് സമിതി റിപ്പോർട്ട് നൽകിയത്. അത് മറികടന്ന് ഒരാഴ്ചക്കുള്ളിൽ കേസെടുക്കുകയായിരുന്നു.