-ipl-eliminator
ipl eliminator

ഡൽഹി Vs ഹൈദരാബാദ്

എലിമിനേറ്റർ ഇന്ന്

വിശാഖപട്ടണം : യുവത്വത്തിന്റെ ചിറകിലേറിവന്ന ഡൽഹിയോ ഭാഗ്യത്തിന്റെ ചിറകേറിവന്ന ഹൈദരാബാദോ ? വെള്ളിയാഴ്ച ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടുന്ന ടീമേതെന്ന് ഇന്നറിയാം. ഇന്ന് ഡൽഹി ക്യാപ്പിൽസും സൺറൈസേഴ്സും തമ്മിൽ നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ വിജയിക്കാണ് ആ അവസരം. തോൽക്കുന്നവരുടെ ഈ സീസൺ ഐ.പി.എൽ ഇന്ന് വിശാഖപട്ടണത്ത് അവസാനിക്കും.

എലിമിനേറ്ററിൽ എത്തിയ വഴി

പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയം നേടി ചെന്നൈയ്ക്കും മുംബയ്ക്കുമൊപ്പം 18 പോയിന്റ് നേടിയവരാണ് ഡൽഹി ക്യാപ്പിറ്റൽസ് എന്നാൽ റൺറേറ്റിൽ അവർ മൂന്നാം സ്ഥാനത്തായിപ്പോയി.

ഡൽഹിക്ക് റൺറേറ്റ് പാരയായെങ്കിൽ ഹൈദരാബാദിനെ തുണച്ചത് റൺറേറ്റാണ്.

കൊൽക്കത്തയ്ക്കും പഞ്ചാബിനുമൊപ്പം 12 പോയിന്റായിരുന്നു ഹൈദരാബാദിന്. എന്നാൽ റൺറേറ്റിലെ മുൻതൂക്കം കേൻവില്യംസണിന്റെ ടീമിനെ നാലാം സ്ഥാനക്കാരാക്കി പ്ളേ ഓഫിന്റെ വാതിൽ തുറന്നുകൊടുത്തു.

തങ്ങളുടെ അവസാന മത്സരം കഴിഞ്ഞിട്ടും പ്ളേ ഒഫ് ഉറപ്പില്ലായിരുന്ന ഹൈദരാബാദിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മുംബയ് ഇന്ത്യൻസ് തോൽപ്പിച്ചതോടെയാണ് ജീവൻ തിരിച്ചുകിട്ടിയത്.

ടീമുകൾ: ശക്തിയും ദൗർബല്യവും

ഡൽഹി ക്യാപ്പിറ്റൽസ്

യുവത്വവും പരിചയ സമ്പത്തും തമ്മിലുള്ള കൃത്യതയാർന്ന മിശ്രണമാണ് ഡൽഹിയുടെ കരുത്ത്.

ചെറുപ്പത്തിന്റെ ചൂടുമായി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ പൃഥ്വിഷാ, ഋഷഭ് പന്ത് എന്നീ യുവപ്രതിഭകൾ.

. ശിഖർ ധവാൻ, കോളിൻ ഇൻഗ്രാം, അമിത് മിശ്ര, ഇശാന്ത് ശർമ്മ തുടങ്ങിയ പരിചയ സമ്പന്നരുടെ നിര ഒപ്പം.

. ഹെഡ് കോച്ചായി റിക്കി പോണ്ടിയും ഉപദേശകനായി സൗരവ് ഗാംഗുലിയും സഹ കോച്ചായി മുഹമ്മദ് കൈഫും കൂടെയുള്ളത് ഡൽഹിക്ക് ഊർജ്ജം പകരുന്നു.

. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദ നാട്ടിലേക്ക് മടങ്ങിയതാണ് തിരിച്ചടി. യുവതാരങ്ങൾക്ക് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് വെല്ലുവിളിയാണ്.

സൺറൈസേഴ്സ് ഹൈദരാബാദ്

. പ്രതീക്ഷിച്ചപോലൊരു തകർപ്പൻ പ്രകടനമായിരുന്നില്ല സൺറൈസേഴ്സിന് ഇക്കുറി പ്രാഥമിക റൗണ്ടിൽ.

. ആകെ നേടിയത് ആറ് ജയങ്ങൾ മാത്രം. എട്ട് കളികളാണ് തോറ്റത്.

. ഡേവിഡ് വാർണർ-ജോണി ബെയർ സ്റ്റോ സഖ്യത്തിന്റെ സംഭാവനയായിരുന്നു വിജയങ്ങൾ മിക്കതും.

. ഇരുവരും ലോകകപ്പ് പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയത് സൺറൈസേഴ്സിന് കനത്ത തിരിച്ചടിയാണ്.

. പ്രാഥമിക റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിലും സൺറൈസേഴ്സിന് തോൽവിയായിരുന്നു ഫലം. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും തോൽവി.

നേർക്ക് നേർ

ഈ സീസണിൽ ഡൽഹിയും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരുവർക്കും ഓരോ ജയം.

ഏപ്രിൽ 4ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് അഞ്ചുവിക്കറ്റിന് ജയിച്ചു.

ഏപ്രിൽ 14ന് ഡൽഹി 39 റൺസിന് ജയിച്ചു.

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.