rank

തിരുവനന്തപുരം: "ഉറക്കമിളച്ചുള്ള പഠനത്തിന് കിട്ടിയ സമ്മാനം." ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിൽ 400ൽ 399 മാർക്ക് നേടിയ ഫിയോണ എഡ്വിൻ പുഞ്ചിരിയോടെ പറഞ്ഞു. ദേശീയ തലത്തിൽ രണ്ടാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കുമാണ് ഫിയോണയ്ക്ക്. ഒന്നാം റാങ്കെന്ന നൂറു ശതമാനത്തിലേക്ക് വെറും 0.25 ശതമാനത്തിന്റെ കുറവ്‌. ദേശീയതലത്തിൽ രണ്ടാം റാങ്ക് നേടിയ 16 കുട്ടികളിൽ ഒരാളാണ് ഫിയോണ.

തിരുവനന്തപുരം ലെകോൾ ചെമ്പക സ്കൂളിലാണ് പഠിച്ചത്. തിരുമല ഇടപ്പഴിഞ്ഞി ശാസ്താനഗറിൽ ടി.സി 17 / 1163 (4)​ൽ എൻജിനിയർമാരായ എഡ്വിൻ തോമസിന്റെയും സോണി എഡ്വിന്റെയും മകളാണ്. പ്രീ സ്കൂൾ മുതൽ ചെമ്പകയിലെ വിദ്യാർത്ഥിനിയാണ്. കണക്കിനാണ്‌ ഒരു മാർക്ക് നഷ്ടപ്പെട്ടത്. നല്ല വിജയം സ്വപ്നം കണ്ടിരുന്നുവെങ്കിലും രണ്ടാം റാങ്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. മാതാപിതാക്കളും സ്‌കൂളിലെ അദ്ധ്യാപകരും നല്ല പ്രോത്സാഹനം നൽകിയിരുന്നു. അദ്ധ്യാപകരുടെ കൃത്യമായ മാർഗനിർദ്ദേശങ്ങളുമുണ്ടായിരുന്നു. സ്കൂളിൽ കലാ മത്സരങ്ങളിലും മിടുക്കിയാണ് ഫിയോണ. ഡോക്ടറാകണമെന്നാണ് ആഗ്രഹം. പത്താം ക്ലാസിൽ 97.4 ശതമാനം മാർക്ക് നേടിയിരുന്നു. സഹോദരി നൈന എഡ്വിൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

''എല്ലാ സമയത്തും പഠനം എന്ന ചിന്തയില്ലായിരുന്നു. എന്നാൽ, എല്ലാ ദിവസവും കൃത്യമായി പഠിക്കും. അതിനാൽ പരീക്ഷയ്ക്ക് എല്ലാംകൂടി ഒന്നിച്ച് പഠിക്കേണ്ടി വന്നില്ല. രാവിലെ ആറ് മുതലാണ് സാധാരണ സമയങ്ങളിൽ പഠിച്ചിരുന്നത്. പരീക്ഷ എത്തിയതോടെ അത് നാലു മണിയായി. തുടർച്ചയായി നാല് മണിക്കൂർ വരെ പഠിക്കുമായിരുന്നു.''

-ഫിയോണ എഡ്വിൻ