പാറശാല: കേരളത്തിലും തമിഴ്നാട്ടിലുമായുള്ള ഇടപാടുകാരെ പറ്റിച്ച് ഫൈനാൻസ് ഉടമ മുങ്ങിയാതായി പരാതി. അതിർത്തിപ്രദേശമായ പളുകൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന ഫ്രാൻകോ ആൽവിൻ ഫൈനാൻസ് എന്ന സ്ഥാപന ഉടമയാണ് മുങ്ങിയത്. ആഭരങ്ങൾ പണയം വച്ചിരുന്നവരും പണയ ഉരുപ്പടികൾ തിരികെ കിട്ടാൻ പണം അടച്ച ശേഷം കാത്തിരുന്നവരുമാണ് പരാതിയുമായി പാറശാല സ്റ്റേഷനിൽ എത്തിയത്.
തമിഴ്‌നാട് അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന് തമിഴ്‌നാട്ടിൽ തന്നെ അതിർത്തിയിലായി കടുവാക്കുഴിയിലും, കേരളത്തിൽ പരശുവയ്ക്കലിലും ബ്രാഞ്ചുകൾ ഉണ്ട്. ഇടപാടുകാരിൽ മിക്കവാറും കേരളത്തിൽ ഉള്ളവരാണ്. പളുകൽ വാദ്ധ്യാർകോണം സുവിശേഷപുരം ബംഗ്ലാവിൽ ഫ്രാൻക്ലിൻ എന്ന ആൾ ആണ് സ്ഥാപനത്തിന്റെ ഉടമ. ശരിയായ രജിസ്‌ട്രേഷൻ ഇല്ലാത്തത്ത് കാരണമാകാം ഇടപാടുകാർക്ക് നൽകിയിട്ടുള്ള രസീതുകളിൽ രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം മുതൽ 250 ഗ്രാം വരെ തൂക്കം വരുന്ന ആഭരങ്ങൾ പണയപ്പെടുത്തി ആയിരം രൂപ മുതൽ അഞ്ച് ലക്ഷം വരെ വായ്പ എടുത്ത ഇടപാടുകാരാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ ശനിയാഴ്ച വരെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് പണയ ഉരുപ്പടികൾ തിരികെ എടുക്കുന്നതിനായി നിരവധി പേരിൽ നിന്ന് തുക കൈപ്പറ്റിയിട്ടുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ ഉടമയെ കാണാതെ വരികയായിരുന്നു. തുടർന്ന് തിരക്കിലായപ്പോൾ ചെന്നൈയിലേക്ക് പോയതായി പറയാൻ സ്ഥാപനങ്ങളിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയതായും പറയുന്നു. സ്ഥാപനങ്ങൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിച്ചത് കാരണം തമിഴ്‌നാട് ഭാഗത്തെ സ്ഥാപനത്തിൽ പണയം വച്ച ഇടപാടുകാർ പാറശാല സ്റ്റേഷനിൽ എത്തിയെങ്കിലും പിന്നീട് തമിഴ്‌നാട്ടിലെ കളിയിക്കാവിള സ്റ്റേഷനിൽ എത്തി പ്രത്യേകം പരാതി നൽകി.