chillu-thakarnna-bus

കല്ലമ്പലം: രോഗാവസ്ഥയിലുള്ള യുവാവിന്റെ കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുതകർന്നു. ഓട്ടിസം രോഗബാധിതനായ നാവായിക്കുളം കപ്പാംവിള സ്വദേശി അജ്മലാണ് ബസിന് കല്ലെറിഞ്ഞത്. കല്ലമ്പലം ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസാണിത്. കല്ലമ്പലം ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം ബസ് മുന്നോട്ടെടുക്കുമ്പോൾ ഇയാൾ കൈകാട്ടി. ഇതിനിടെ ബസ് നിറുത്തില്ലെന്ന ധാരണയിൽ കല്ലെടുത്തെറിയുകയായിരുന്നെന്ന് ബസ് ഡ്രൈവർ പറഞ്ഞു. മുൻവശത്തെ ചില്ല് പൂർണമായും തകർന്ന് ഡ്രൈവറുടെയും യാത്രക്കാരുടെയും ദേഹത്തുവീണു. ആർക്കും പരിക്കില്ല. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു. കല്ലമ്പലം പൊലീസ് കേസെടുത്തു.