ബംഗളുരു : കഴിഞ്ഞദിവസം ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐ.പി.എൽ മത്സരത്തിനിടെ ബാംഗ്ളൂർ ക്യാപ്ടൻ വിരാട് കൊഹ്‌ലിയോട് ഉടക്കിയ അമ്പയർ നിഗേൽ ലോംഗ് ഡ്രസിംഗ് റൂമിന്റെ വാതിൽ തകർത്തത് വിവാദമായി.
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ബാംഗ്ളൂരിനെതിരായി ഒരു നോബാൾ വിളിച്ചതിന്റെ പേരിൽ ഗ്രൗണ്ടിൽ വച്ചുതന്നെ കൊഹ്‌ലിയും ലോംഗും ഉടക്കിയിരുന്നു. ഇന്നിംഗ്സ് ബ്രേക്കിൽ ഇതിന്റെ തുടർച്ചയെന്നോണമാണ് തർക്കമുണ്ടായത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ നിഗേൽ ഡ്രെസിംഗ് റൂമിന്റെ ഗ്ളാസ് പാളി തകർക്കുകയായിരുന്നു. ഇന്നലെയാണ് ഈ വിവരം പുറത്തറിയുന്നത്.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ എലൈറ്റ് പാനൽ അമ്പയറായ ലോംഗിനെ ഐ.പി.എൽ ഫൈനലിലും അമ്പയറായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ലോംഗിനെ ഫൈനലിൽ നിന്ന് മാറ്റുമെന്ന് സൂചനയുണ്ട്.
മത്സരത്തിന് ശേഷം ലോംഗ് കർണാടക ക്രിക്കറ്റ് അസോസിയേഷന് നഷ്ടപരിഹാരമായി 5000 രൂപ നൽകിയിരുന്നു. എന്നാൽ അമ്പയറുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തിയുണ്ടായതിൽ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കർണാടക അസോസിയേഷൻ ബി.സി.സി.ഐക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 50 കാരനായ ലോംഗ് 56 ടെസ്റ്റുകളും 123 ഏകദിനങ്ങളും 32 ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.