ആദ്യ ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസ് ആറുവിക്കറ്റിന് ചെന്നൈയെ തോൽപ്പിച്ചു
5
മുംബയ് ഇന്ത്യൻസ് ഫൈനലിലെത്തുന്നത് അഞ്ചാം തവണ
3
ഇൗ സീസണിൽ മൂന്നാം തവണയാണ് മുംബയ് ഇന്ത്യൻസ് ചെന്നൈയെ തോൽപ്പിക്കുന്നത്
ചെന്നൈ : ഐ.പി.എല്ലിന്റെ ആദ്യ ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെആറ് വിക്കറ്റിന് കീഴടക്കി മുംബയ് ഇന്ത്യൻസ് ഫൈനലിലെത്തി.എലിമിനേറ്ററിലെ വിജയിയെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ തോൽപ്പിച്ചാൽ ചെന്നൈയ്ക്ക് ഫൈനലിലെത്താം
ഇന്നലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത ആതിഥേയർ നിശ്ചിത 20 ഒാവറിൽ 131/4 എന്ന സ്കോറിലൊതുങ്ങിയപ്പോൾ മുംബയ് 9 പന്തുകൾ ബാക്കി നിൽക്കേ നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.രോഹിത് ശർമ്മ (4), ഡി കോക്ക് (8) എന്നിവർ പുറത്തായ ശേഷം സൂര്യകുമാർ യാദവും (71*) ഇശാൻ കിഷനും (28) ചേർന്നാണ് മുംബയ്യുടെ ചേസിംഗിന് അടിത്തറയിട്ടത്.ഇമ്രാൻ താഹിർ അടുത്തടുത്ത പന്തുകളിൽ ഇശാനെയും ക്രുനാലിനെയും (0) പുറത്താക്കിയെങ്കിലും ഹാർദിക്കിനൊപ്പം (13*)സൂര്യകുമാർ ടീമിനെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 65/4 എന്ന നിലയിൽ പതറിയശേഷമാണ് 131 ലെ ത്തിയത്. അഞ്ചാം വിക്കറ്റിൽ നായകൻ മഹേന്ദ്ര സിംഗ് ധോണിയും (37), അമ്പാട്ടി റായ്ഡുവും (42 നോട്ടൗട്ട്) പുറത്താകാതെ നേടിയ 66 റൺസാണ് ചെന്നൈയ്ക്ക് താങ്ങായത്. 37 പന്തുകൾ നേരിട്ട അമ്പാട്ടി മൂന്ന് ഫോറും ഒരു സിക്സും പറത്തിയപ്പോൾ 29 പന്തുകൾ നേരിട്ട ധോണി മൂന്ന് സിക്സുകൾ പറത്തി. ആകെ നാല് സിക്സുകളും 10 ഫോറുകളും മാത്രമാണ് ചെന്നൈ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്.
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ പ്രതീക്ഷിച്ചതുപോലെ മുന്നേറാൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. ആദ്യ ആറോവറിനുള്ളിൽ 32 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. 13-ാം ഓവറിൽ 65 റൺസിലേക്ക് എത്തുന്നതിനിടെ നാലാമത്തെ വിക്കറ്റും പോയി. 16 ഓവറുകൾ പിന്നിട്ടപ്പോൾ നേടാനായത് 96 റൺസ്. ഫാഫ് ഡുപ്ളെസിയും (6) ഷേൻ വാട്ട്സണും (10) ചേർന്നാണ് ഓപ്പണിംഗിന് ഇറങ്ങിയത്. രണ്ടോവറിൽ ഇവർക്ക് നേടാനായത് ആറ് റൺസ് മാത്രം. മൂന്നാം ഓവറിന്റെ ആദ്യപന്തിൽ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. സ്പിന്നർ രാഹുൽ ചഹറിന്റെ പന്തിൽ ഡുപ്ളെസി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അൻമോൽ പ്രീതിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഫസ്റ്റ് ഡൗണായി ഇറങ്ങിയ സുരേഷ് റെയ്ന (5) നാലാം ഓവറിൽത്തന്നെ കൂടാരം കയറി. സ്പിന്നർ ജയന്ത്, യാദവിന് റിട്ടേൺ ക്യാച്ച് സമ്മാനിച്ചായിരുന്നു റെയ്നയുടെ മടക്കം.
13 പന്തുകൾ നേരിട്ട് രണ്ട് ബൗണ്ടറികൾ പായിച്ച വാട്ട്സന്റെ പോരാട്ടം ആറാം ഓവറിൽ അവസാനിച്ചു. മറ്റൊരു സ്പിന്നർ ക്രുനാൽ പാണ്ഡ്യയായിരുന്നു വാട്ട്സന്റെ അന്തകൻ. ജയന്ത് യാദവിനായിരുന്നു ക്യാച്ച് 26 പന്തുകളിൽ മൂന്ന് ബൗണ്ടറിയടക്കം 26 റൺസടിച്ച് ടീമിനെ പ്രതിസന്ധിയിൽ നിന്ന് ഉയർത്താൻ ശ്രമിച്ച മുരളി വിജയ് 13-ാം ഓവറിലെ ആദ്യപന്തിൽ മടങ്ങി.