തിരുവനന്തപുരം: മസാല ബോണ്ടിന്റെ പേരിൽ ലണ്ടൻ യാത്രയ്ക്ക് ഉന്നത ഉദ്യോഗസ്ഥ സംഘത്തിനൊപ്പം സെക്ഷൻ ഓഫീസറും അസിസ്റ്റന്റുമാരും ഉൾപ്പെട്ടത് വിവാദമായതിന് പിന്നാലെ കിഫ്ബിയിൽ വാഹനധൂർത്തും നടക്കുന്നുവെന്ന വിവരം പുറത്തുവന്നു. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി ചില ജൂനിയർ ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ഓഫീസിൽ എത്താനും മടങ്ങിപ്പോകാനും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നത്. ഓഫീസ് ആവശ്യത്തിനായി കിഫ്ബി ലക്ഷക്കണക്കിന് രൂപ ചെലവാക്കി 7 വാഹനങ്ങൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. എന്നാൽ, ഈ വാഹനങ്ങൾ ചട്ടങ്ങൾ ലംഘിച്ച് ദുരുപയോഗം ചെയ്യുന്നു എന്നാണ് ആക്ഷേപം. ഈ ജീവനക്കാർക്ക് വീട്ടിൽ പോകാനും മറ്റും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല.
രണ്ട് ഇന്നോവ ക്രിസ്റ്ര, മൂന്ന് ടൊയോട്ട ക്വാളിസ്, ഒരു ഹോണ്ടാ സിറ്രി, ഒരു മഹീന്ദ്രാ ബൊലേറോ എന്നീ വാഹനങ്ങളാണ് ദുരുപയോഗം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കിഫ്ബി 20 ലക്ഷത്തോളം രൂപയാണ് വാഹനങ്ങൾക്കായി ചെലവാക്കിയത്. ഉദ്യോഗസ്ഥരെ വീടുകളിൽ നിന്ന് വിളിക്കുന്നതിനും തിരികെ കൊണ്ടുവിടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചട്ടമുണ്ട്. ഇതുപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറിമാർ, വകുപ്പു തലവന്മാർ, മന്ത്രിമാരുടെ പ്രൈവറ്ര് സെക്രട്ടറിമാർ എന്നിവർക്ക് മാത്രമാണ് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കാനാവുക. കിഫ്ബിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. കെ.എം. എബ്രഹാമിന് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ,ഇവിടത്തെ ചില ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനം അനധികൃതമായി ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം.
പരിശോധനയില്ല
സർക്കാർ വാഹനത്തിൽ യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ ലോഗ് ബുക്കിൽ യാത്രയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് ചട്ടം. യാത്ര അവസാനിച്ചാൽ യാത്ര ചെയ്ത ദൂരവും മറ്രും രേഖപ്പെടുത്തി ഉദ്യോഗസ്ഥൻ ലോഗ് ബുക്കിൽ ഒപ്പിടുകയും വേണം. എന്നാൽ ഇതൊന്നും കൃത്യമായി പാലിക്കുന്നില്ല. ഇക്കാര്യം പരിശോധിക്കേണ്ടത് ധനകാര്യ വകുപ്പാണ്. അതേസമയം, ധനകാര്യവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കിഫ്ബിയിലെ ഉദ്യോഗസ്ഥർ ചട്ടങ്ങൾ ലംഘിക്കുമ്പോൾ അധികൃതർ കണ്ണടയ്ക്കുകയാണെന്നാണ് ആരോപണം. ജീവനക്കാർക്ക് ക്ഷാമ ബത്ത കുടിശിക പോലും കൊടുക്കാൻ കഴിയാതിരിക്കുമ്പോഴാണ് ഈ ധൂർത്തും അരങ്ങേറുന്നത്.
ശമ്പളവും കനത്തത്
കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് കനമുള്ള ശമ്പളമാണ് നൽകുന്നത്. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് 2.75 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. കൂടാതെ ഓരോ വർഷവും 27,500 രൂപ വീതം വർദ്ധനയും ഉണ്ടാവും. ഇതുവരെ 35ലക്ഷം രൂപയോളം ശമ്പളം മാത്രമായി അദ്ദേഹത്തിന് നൽകി. കിഫ്ബിയിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ചീഫ് പ്രോജക്ട് എക്സാമിനർക്ക് പ്രതിമാസം 2.3 ലക്ഷം രൂപയാണ് ശമ്പളം.