തിരുവനന്തപുരം: പൊലീസ് സേനയിലെ വിവാദമായ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ഇന്റലിജൻസ് റിപ്പോർട്ടിന്മേൽ വിശദമായ അന്വേഷണത്തിനോ കേസെടുക്കാനോ ഉത്തരവിടാതെ ഡി.ജി.പി കൈയ്യൊഴിഞ്ഞെന്ന ആക്ഷേപം ശക്തമാകുന്നു. റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുന്നതിന് മുമ്പ് അന്വേഷണം നടത്താൻ ഡി.ജി.പി തയാറായില്ലെന്നാണ് ഉയരുന്ന ആരോപണം. സംഭവം കൂടുതൽ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ക്രമക്കേടുണ്ടായതായും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഇന്റലിജൻസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയാണ് വിഷയത്തിൽ നിന്ന് ഡി.ജി.പി തലയൂരിയത്. സംഭവത്തിൽ ഭരണപക്ഷാഭിമുഖ്യമുള്ള പൊലീസ് അസോസിയേഷനിലെ ചില നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കെയാണ് നടപടിയെടുക്കാൻ മുതിരാതെ ഡി.ജി.പി റിപ്പോർട്ട് കൈമാറിയത്. ഇന്റലിജൻസ് റിപ്പോർട്ടിന്മേൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പിക്ക് ഉത്തരവാദികളെ കണ്ടെത്താമെന്നാണ് മുതിർന്ന ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ഡി.ജി.പി ഇതിന് തയാറാകാത്തതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
അതേസമയം, ഡി.ജി.പി ഓഫീസിൽ നിന്ന് തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയ റിപ്പോർട്ട് ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ചെങ്കിലും വിശദമായി പരിശോധിച്ചശേഷമാകും നടപടി ഉണ്ടാകുക. ഇന്ന് ഒരുപക്ഷേ, നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്. റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ ഉചിതമായ നടപടി കൈക്കൊളളുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള പൊലീസ് സേനാംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ ഭാരവാഹികൾ ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനുകളിലും അസോസിയേഷൻ ഓഫീസിലും സൊസൈറ്റികളിലും കൂട്ടമായി വരുത്തി വിതരണത്തിലും വിനിയോഗത്തിലും സമ്മതിദാനവകാശം രേഖപ്പെടുത്തുന്നതിലും ക്രമക്കേട് കാട്ടിയെന്നാണ് ആരോപണമുണ്ടായത്. ഇത് ശരിവയ്ക്കും വിധം സമ്മർദ്ദവും ഭീഷണിയും വ്യക്തമാക്കുന്ന വോയ്സ് സന്ദേശങ്ങളും വാട്ട്സ് ആപ്പ് വഴി പ്രചരിച്ചിരുന്നു. ശബ്ദസന്ദേശം പരിശോധിച്ച ഇന്റലിജൻസ് ഇതിന്റെ ഉറവിടത്തെയും പ്രചരിപ്പിച്ചവരെയും അന്വേഷണം വേണമെന്നും നിർദേശിച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ ക്രമക്കേടുകളുള്ളതായി ഇന്റലിജൻസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡി.ജി.പിയ്ക്ക് വകുപ്പ് തല അന്വേഷണത്തിനും നടപടികൾക്കും ശുപാർശചെയ്യാതെ റിപ്പോർട്ട് അതേപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു.
പോസ്റ്റൽ ബാലറ്റ് യഥാർത്ഥ അവകാശികൾക്ക് പകരം മറ്റൊരുവിലാസത്തിൽ സ്വീകരിച്ചതായി കണ്ടെത്തിയാൽ ആൾമാറാട്ടത്തിനും വ്യാജ രേഖ ചമയ്ക്കലിനും പൊലീസിന് കേസെടുക്കാവുന്നതാണ്. എന്നാൽ വ്യക്തമായ തെളിവുകൾ സഹിതം കുറ്റകൃത്യം തെളിയിക്കാൻ കഴിയണം. അതിന് വിശദമായ അന്വേഷണം ആവശ്യമാണ്.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പക്കലുള്ള റിപ്പോർട്ടിൽ എന്ത് നടപടിയുണ്ടാകുമെന്നാണ് ഇനി കേരളം ഉറ്റുനോക്കുന്നത്. വിശദമായ അന്വേഷണത്തിനും കുറ്റക്കാർക്കെതിരെ നടപടിയ്ക്കും ശുപാർശയുണ്ടാകാനാണ് സാദ്ധ്യത.