red-35

ചന്ദ്രകല, അലിയാരുടെ മുഖത്തു നിന്ന് നോട്ടം മാറ്റി.

അലിയാർ പറഞ്ഞു:

''എനിക്ക് പാഞ്ചാലിയുടെ റൂം ഒന്നു കാണണം."

ചന്ദ്രകലയുടെ ഉള്ളിൽ ഒരു വിറയലുണ്ടായി.

തന്നെക്കുറിച്ചോ മറ്റോ അവൾ അവിടെ എന്തെങ്കിലും കുറിച്ചു വച്ചിട്ടുണ്ടെങ്കിൽ...

''ഏയ്. പറഞ്ഞത് കേട്ടില്ലേ?"

സി.ഐയുടെ ശബ്ദം അവളെ ഉണർത്തി.

''ങ്‌ഹേ...? ങാ. വരൂ സാർ..."

ചന്ദ്രകലയുടെ പിന്നാലെ സി.ഐയും പോലീസുകാരും നടന്നു.

പാഞ്ചാലിയുടെ മുറിക്ക് മുന്നിൽ ചന്ദ്രകല നിന്നു.

''ഇതാണ് സാർ അവളുടെ റൂം."

കനപ്പിച്ചു മൂളിക്കൊണ്ട് അലിയാർ അകത്തേക്കു കാൽവച്ചു. പോലീസുകാരും.

പിന്നാലെ അകത്തേക്കു ചെല്ലാൻ ഭാവിച്ച ചന്ദ്രകലയെ സി.ഐ വിലക്കി.

''വേണ്ടാ, നിങ്ങൾ പുറത്തുനിന്നാൽ മതി."

മുഖമടച്ച് ഒരടി ഏറ്റതുപോലെ ചന്ദ്രകല വിളറി.

അലിയാരുടെ കണ്ണുകൾ വട്ടം ചുറ്റി.

കിടക്ക കൂടാതെ ഒരു മേശയും കസേരയും. ഒരു ഭിത്തി അലമാര.

മേശപ്പുറത്ത് ചിട്ടയോടെ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ...

സി.ഐയും പോലീസുകാരും ഒരു ഭാഗം മുതൽ തിരയാൻ തുടങ്ങി.

മെത്തയുടെയും തലയിണയുടെയും അടിയിൽ വരെ...

മേശയുടെ ഡ്രോകളിൽ....

അലമാരയിൽ...

അവസാനം പാഞ്ചാലിയുടെ പുസ്തങ്ങളിൽ...

ഒന്നും കണ്ടില്ല. എല്ലാം ശ്രദ്ധിച്ചു പുറത്തു നിന്നിരുന്ന ചന്ദ്രകലയുടെ ചുണ്ടിൽ ഒരു ചിരി മിന്നി.

പക്ഷേ പുസ്തകങ്ങളുടെ അടിയിൽ നിന്ന് സി.ഐ അലിയാർക്ക് ഒരു ഡയറി കിട്ടി.

അയാൾ അത് നിവർക്കവെ ഒരു മയിൽപ്പീലിത്തുണ്ട് താഴെ വീണു...

ഡയറിയിൽ തന്റെ പേര് ഒഴികെ മറ്റൊന്നും എഴുതിയിരുന്നില്ല പാഞ്ചാലി.

എന്നാൽ അതിൽ ഒരുപാട് ചിത്രങ്ങൾ വരച്ചിരുന്നു.

പെൻസിൽ കൊണ്ട്....

അതിൽ കൂടുതലും ദൈവങ്ങളുടേത്...

അതിനിടയിൽ വേർപെട്ട മറ്റൊരു ചിത്രം.

ഒരു സ്ത്രീയുടെ...

മുഖം മാത്രം വ്യക്തമാകാത്ത ചിത്രം!

അടിയിൽ 'അമ്മ' എന്ന് കുറിച്ചിരുന്നു.

ചിത്രത്തിലേക്ക് അല്പനേരം നോക്കിനിന്നു അലിയാർ.

തനിക്ക് ഓർത്തെടുക്കാൻ കഴിയാത്തതിനാലാവും പാഞ്ചാലി അമ്മയ്ക്കു മുഖം നൽകാതിരുന്നത് എന്ന് അയാൾക്കു തോന്നി.

അലിയാർ തോളിനു മുകളിലൂടെ തല തിരിച്ച് ചന്ദ്രകലയെ നോക്കി.

''പാഞ്ചാലി നന്നായി ചിത്രം വരയ്ക്കുമായിരുന്നു. അല്ലേ?"

''ങ്‌ഹേ... അതേക്കുറിച്ച് ഒന്നും എനിക്ക്...."

അവൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ അലിയാർ കൈ ഉയർത്തി. ശേഷം അവൾ പറയാൻ വന്നതിന്റെ ബാക്കി കൂട്ടിച്ചേർത്തു:

''അറിയില്ല. അല്ലേ? അങ്ങനെയല്ലേ പറയാൻ ഭാവിച്ചത്?"

ചന്ദ്രകല മിണ്ടാതെ തല കുനിച്ചു.

അലിയാരുടെ ശബ്ദം കനത്തു:

''ഇന്നലെ നിങ്ങൾ എന്നോട് പറഞ്ഞതെന്താ? പാഞ്ചാലി നിങ്ങൾക്ക് സ്വന്തം മകളായിരുന്നു എന്ന്! അവൾ തിരികെ ഇങ്ങോട്ടും അമ്മയായി കണ്ടിരുന്നെന്ന്! അങ്ങനെയല്ലേ?"

ചന്ദ്രകല അയാളെ നോക്കാതെ തലയാട്ടിയതേ ഉള്ളൂ.

അലിയാർ അവളുടെ അടുത്തേക്കു ചുവടുകൾ വച്ചു.

''നിങ്ങൾ ആ പറഞ്ഞത് സത്യമായിരുന്നെങ്കിൽ ഇങ്ങനെ പരുങ്ങേണ്ടിവരില്ലായിരുന്നു. അത്രയ്ക്ക് അടുപ്പം അവൾക്ക് നിങ്ങളോട് ഉണ്ടായിരുന്നെങ്കിൽ താൻ വരച്ച ചിത്രങ്ങൾ മുഴുവൻ കാണിച്ചേനെ.. ആം ഐ കറക്ട്?"

ചന്ദ്രകലയുടെ നാവിൽ ഉമിനീർ വറ്റി. എങ്കിലും പ്രതിരോധിക്കാൻ ഒരു ശ്രമം നടത്തി.

''സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിനും മറ്റും അവൾക്ക് ഡ്രോയിംഗിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്."

പോലീസുകാരും മുറിയിൽ നിന്നിറങ്ങി.

''ങ്‌ഹാ...." സി.ഐ, ചന്ദ്രകലയോട് നിർദ്ദേശിച്ചു.

''ഇന്നുതന്നെ നിങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തണം. മകളെ കാണാനില്ലെന്ന് റിട്ടേൺ കംപ്ളയിന്റു തരണം. ബാക്കി കാര്യമൊക്കെ ഞാൻ നോക്കിക്കോളാം."

''ശരി സാർ...."

ചന്ദ്രകല വരാന്തയുടെ ഒരുവശത്തേക്ക് ഒഴിഞ്ഞുനിന്നു.

പോലീസ് ഉദ്യോഗസ്ഥർ മടങ്ങി. അപ്പോൾത്തന്നെ ചന്ദ്രകല, പ്രജീഷിനെ വിളിച്ചു വിവരം നൽകി.

''ആ സി.ഐയെക്കൊണ്ട് തോറ്റല്ലോ. ഏതായാലും അയാൾ പറഞ്ഞ നിലയ്ക്ക് പോലീസിൽ കംപ്ളയിന്റു ചെയ്തേര്. രാത്രിയിൽ ഞാൻ അവിടേക്കു വരാം."

ചന്ദ്രകല കാൾ മുറിച്ചു.

നിലമ്പൂർ പോലീസ് സ്റ്റേഷൻ.

സി.ഐ അലിയാർ അവിടെയെത്തുമ്പോൾ കാത്തുനിന്നു മുഷിഞ്ഞ മുഖത്തോടെ വാച്ചർ വാസുക്കുട്ടി അവിടെയുണ്ടായിരുന്നു.

മറ്റൊരു ഭാഗത്ത് സുധാമണിയും രേവതിയും.

വിവേകിന്റെ അമ്മമ്മയും അമ്മയും!

സി.ഐയെ കണ്ട് അവർ കൈകൂപ്പി.

''പൊന്നുസാറേ... എന്റെ മോനേ രക്ഷിക്കണം. അവൻ ആരേം കൊന്നിട്ടില്ല..." അടുത്ത നിമിഷം രേവതി, അലിയാരുടെ കാൽക്കൽ വീണു.

(തുടരും)