isis

കൊച്ചി: ഭീകരസംഘടനയായ എെസിസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. കേരളത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട പാലക്കാട് സ്വദേശി റിയാസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളടക്കമുള്ള മൊഴിയെടുപ്പാണ് പുരോഗമിക്കുന്നത്. ഐസിസ് റിക്രൂട്ട്‌മെന്റ് കേസിലെ 18ാം പ്രതിയാണ് ഫൈസൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം,​ ഫൈസലുമായി സാമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയിരുന്ന ഒരു യുവതി അടക്കമുള്ളവർ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണ്.

ദോഹയിലായിരുന്ന ഫൈസൽ എൻ.ഐ.എ നിർദേശപ്രകാരമാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ഫൈസൽ ഉൾപ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം എൻ.ഐ.എ കേസിൽ പ്രതി ചേർത്തിരുന്നു. ഇതിന് ശേഷമാണ് ഇയാളെ അടിയന്തര ഇടപെടലിലൂടെ കൊച്ചിയിൽ എത്തിച്ചത്. കാസർകോട് കളിയങ്ങാട് പള്ളിക്കൽ മൻസിലിൽ പി.എ. അബൂബക്കർ സിദ്ദിഖ് (അബു ഈസ - 28), കാസർകോട് എരുത്തുംകടവ് വിദ്യാനഗർ സിനാൻ മൻസിലിൽ അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിനുശേഷം വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ സംഘം പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നാണ് ഫൈസലിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചത്. നേരത്തേ ചങ്ങൻകുളങ്ങര വവ്വാക്കാവിലെ ഫൈസലിന്റെ വീട്ടിൽ എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. ഒന്നരമാസം മുമ്പാണ് ഫൈസൽ ഖത്തറിലെത്തിയത്.

ജോലി ലഭിക്കാത്തതിനാൽ ബന്ധുവിന്റെ ഫ്ളാറ്റിലാണ് താമസം. അഞ്ചു മുതൽ പത്തുവരെ ജിദ്ദയിലെ സ്കൂളിൽ പഠിച്ച ഇയാൾ പിന്നീട് കൊല്ലത്തു നിന്ന് എൻജിനീയറിംഗും തിരുവനന്തപുരത്ത് നിന്ന് ഫയർ ആൻഡ് സേഫ്ടി കോഴ്‌സും പൂർത്തിയാക്കി. ഇതിനു ശേഷമാണ് ഖത്തറിലേക്ക് പോയത്. കൊച്ചിയിൽ കുറച്ചുനാൾ തങ്ങിയതായും സംശയിക്കുന്നു. എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള റിയാസിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. റോ,​ മിലിട്ടറി ഇന്റലിജൻസ് തലവൻന്മാരും റിയാസിനെ ഉടൻ ചോദ്യം ചെയ്യും.