''ഏയ്. എന്തായിത്?"
അലിയാർ തിരിഞ്ഞ് അവിടെയുണ്ടായിരുന്ന വനിതാ പോലീസുകാരെ നോക്കി.
കണ്ണുകൊണ്ട് ഒരടയാളം കാട്ടി.
രണ്ടുപേർ വേഗം മുന്നോട്ടു വന്ന് രേവതിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
''ക്യാബിനിലേക്ക് കൊണ്ടുവാ..."
വനിതാ പോലീസിനോടു പറഞ്ഞിട്ട് അലിയാർ തന്റെ ക്യാബിനിലേക്കു കയറി.
ഫാനിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് ശിരസ്സിൽ നിന്നു തൊപ്പിയെടുത്ത് ടേബിളിനു മീതെ വച്ചു.
ശേഷം ചെയറിൽ അമർന്നു.
ഹാഫ് ഡോർ തുറന്ന് വനിതാ കോൺസ്റ്റബിൾസ് രേവതിയെയും സുധാമണിയെയും സി.ഐയുടെ മുന്നിലെത്തിച്ചു.
''ഇരിക്കൂ..."
അയാൾ കസേരകൾക്കു നേരെ കൈചൂണ്ടി.
സ്ത്രീകൾ മടിച്ചുനിന്നു.
''ഇരിക്കാൻ."
അലിയാരുടെ ശബ്ദത്തിൽ ഒരു മാറ്റമറിഞ്ഞ് ഇരുവരും പെട്ടെന്നിരുന്നു.
''നിങ്ങൾ ആരൊക്കെയാ വിവേകിന്റെ?"
''അമ്മയും അമ്മമ്മയും..."
രേവതിയുടെ ചുണ്ടനങ്ങി.
''ഉം."
അലിയാർ ഒരു ഫയൽ തുറന്ന് എന്തോ നോക്കി:
''നിങ്ങളുടെ മകൻ ആരെയെങ്കിലും കൊന്നോ ഇല്ലയോ എന്ന് എനിക്കിപ്പോൾ തീർത്തു പറയാനാവില്ല. പക്ഷേ സാക്ഷിമൊഴിയും സാഹചര്യത്തെളിവുകളും അവന് എതിരാണ്. അവന്റെ മൊബൈൽ ഫോൺ പോലും അവന് എതിരെ നിൽക്കുന്നു..."
ഒന്നു നിർത്തി സ്ത്രീകൾ ഇരുവരെയും ശ്രദ്ധിച്ചിട്ട് അലിയാർ തുടർന്നു:
''പ്രതിസ്ഥാനത്ത് ഒരാളെ കിട്ടിയതുകൊണ്ട് മാത്രം ഞാൻ ഈ കേസന്വേഷണം അവസാനിപ്പിക്കും എന്നു കരുതരുത്. വിവേക് നിരപരാധിയാണെങ്കിൽ അവർ രക്ഷപെടും."
''സാർ... ഞങ്ങൾക്ക് ഉറപ്പുണ്ട്. അവൻ ഒരിക്കലും ഒരു കൊല ചെയ്യില്ല. പ്രത്യേകിച്ചും പാഞ്ചാലിയെ..." സുധാമണി തീർത്തു പറഞ്ഞു.
''അതെന്താ... അവർ തമ്മിൽ ഇഷ്ടത്തിലായതുകൊണ്ടാണോ?"
അലിയാർ അവരുടെ കണ്ണുകളിലേക്കു നോട്ടം നട്ടു.
''അത് മാത്രമല്ല സാറേ....
ആ തറവാട്ടിൽ നിന്ന് എനിക്കു കിട്ടിയിരുന്ന കൂലിയും മിച്ചം വന്നിരുന്ന ഭക്ഷണ സാധനങ്ങളും കൊണ്ടാ അവനും ഇത്രയും നാൾ ജീവിച്ചത്. വിവേക് ഒരിക്കലും നന്ദികേട് കാണിക്കില്ല സാറേ..."
അലിയാർ തലയാട്ടി. ഒപ്പം ആ കണ്ണുകൾ കുറുകി.
''എങ്കിൽ അങ്ങനെ ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്തത് ആരായിരിക്കും? നിങ്ങളുടെ കാഴ്ചപ്പാടിൽ..."
രേവതിയും സുധാമണിയും പരസ്പരം നോക്കി.
''പേടിക്കേണ്ടാ. നിങ്ങൾക്ക് എന്നോട് എന്തും തുറന്നു പറയാം. ചിലപ്പോൾ നിങ്ങളുടെ സംശയമായിരിക്കും എന്നെ യഥാർത്ഥ പ്രതിയുടെ മുന്നിലെത്തിക്കുക. വിവേകല്ല അത് ചെയ്തതെങ്കിൽ.."
സി.ഐയുടെ വാക്കുകൾ സുധാമണിക്ക് ഉണർവേകി. അവർ അറിയിച്ചു.
''എനിക്ക് സംശയം കലക്കൊച്ചമ്മയെയാണ്..."
''ചന്ദ്രകലയെയോ?"
അലിയാർ കസേരയിൽ മുന്നോട്ടാഞ്ഞ് കൈ മുട്ടുകൾ മേശമേൽ കുത്തി.
''ആന്നു സാറേ...."
''അങ്ങനെ സംശയിക്കാൻ കാരണം?"
''കല കൊച്ചമ്മയ്ക്ക് പാഞ്ചാലിയോടുള്ള പെരുമാറ്റം തന്നെ. അതിന് വയറു നിറച്ച് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു.... സ്നേഹത്തോട് ഒരു വാക്ക് പറഞ്ഞിട്ടില്ല. പരീക്ഷയ്ക്ക് നല്ല മാർക്കു വാങ്ങി ജയിച്ചപ്പോൾ പോലും...."
തുടർന്ന് സുധാമണി താൻ അവിടെ കണ്ടതും കേട്ടതുമെല്ലാം പറഞ്ഞുകേൾപ്പിച്ചു.
രാമഭദ്രന്റെ കാർ എം.എൽ.എ ശ്രീനിവാസ കിടാവിനു വിൽക്കാൻ ഭാവിച്ചതു വരെ....
സി.ഐ അലിയാർ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. അവർ പറഞ്ഞ ഓരോ സംഭവവും അയാൾ മനസ്സിൽ കാണുകയായിരുന്നു.....
അവസാനം സി.ഐ പറഞ്ഞു നിർത്തിയത് ഇങ്ങനെ:
''തൽക്കാലം നിങ്ങൾ പോകണം. വിവേക് തെറ്റു ചെയ്തിട്ടില്ലെങ്കിൽ അവൻ ശിക്ഷിക്കപ്പെടില്ല. ഇത് എന്റെ വാക്കാ."
സുധാമണിയുടെയും രേവതിയുടെയും കണ്ണുകളിൽ ഒരു തിളക്കം വന്നു. ഇരുവരും എഴുന്നേറ്റു നിന്ന് അയാളെ തൊഴുതു.
''ഞങ്ങൾക്ക് അവനെയൊന്ന് കാണാൻ പറ്റുമോ സാറേ... വിവേകിനെ?"
രേവതിയുടെ ചുണ്ടു വിറച്ചു.
അലിയാർ വനിതാ കോൺസ്റ്റബിൾസിനെ നോക്കി.
''ഇവരെ കൊണ്ടുപോയി കാണിക്ക്. രണ്ടു മിനിട്ടിൽ കൂടുതർ നിർത്തരുത്."
''സാർ..."
അവർ സുധാമണിയെയും രേവതിയെയും കൂട്ടിക്കൊണ്ടുപോയി.
തെല്ല് കഴിഞ്ഞ് സെല്ലിന്റെ ഭാഗത്തുനിന്ന് സ്ത്രീകളുടെ അടക്കിയ തേങ്ങൽ അയാൾ കേട്ടു.
അലിയാർ ആകെ അസ്വസ്ഥനായി. വിവേക് ചതിക്കപ്പെട്ടതാണോ എന്നൊരു തോന്നൽ...
കാരണം പലവട്ടം ചോദിച്ചപ്പോഴും ഉന്മാദം ബാധിച്ചതുപോലെയായിരുന്നു അവന്റെ പ്രതികരണം.
ചോദിക്കുന്നതിനൊക്കെ ഓർമ്മ ഇല്ലാത്തവന്റെ മറുപടിയാണ്.
രാവിലെ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ബ്ളഡിന്റെ സാംപിൾ എടുപ്പിച്ചിട്ടുണ്ട്. റിസൾട്ട് കിട്ടുമ്പോൾ സത്യം അറിയാമെന്ന് അലിയാർ വിശ്വസിച്ചു.
അയാൾ ബസർ അമർത്തി.
ഒരു പോലീസുകാരൻ ഹാഫ്‌ഡോർ തുറന്ന് അകത്തേക്കു തലനീട്ടി.
''ആഢ്യൻപാറയിലെ ആ വാച്ചറെ ഇങ്ങ് കൊണ്ടുവാ..."
''സാർ..."
അര മിനിട്ടു കഴിഞ്ഞപ്പോൾ വാസുക്കുട്ടി, സി.ഐയുടെ മുന്നിലെത്തി.
(തുടരും)