അലിയാർ, അയാളെ അടിമുടി ഒന്നു നോക്കി.
വാസുക്കുട്ടിയുടെ മുഖം കുനിഞ്ഞു.
''നീ വന്നിട്ട് കുറേ നേരം ആയോടാ?"
സി.ഐ കസേരയിൽ നിന്ന് എഴുന്നേറ്റ് അയാൾക്കു നേരെ ചുവടുവച്ചു.
''രാവിലെ ഒൻപതു മണിക്ക് വന്നു..."
വാസുക്കുട്ടി അറിയാതെ ഒരു ചുവട് പിന്നോട്ടു വച്ചു.
''നീ ഉച്ചയ്ക്ക് വല്ലതും കഴിച്ചോ?
അയാൾ വാസുക്കുട്ടിയുടെ ഷർട്ടിന്റെ കോളർ പിടിച്ചു നേരെ വച്ചു.
''ഇല്ല..." വാസുക്കുട്ടിക്കു ഭീതിയേറി.
''എങ്കിൽ.... ഞാൻ ചോദിക്കുന്നതിന് സത്യസന്ധമായ ഉത്തരം തന്നാൽ നിന്നെ വേഗം വിട്ടേക്കാം. ഇന്നലെ പറഞ്ഞതുപോലെയുള്ള മറുപടി ആകരുതെന്നു മാത്രം."
വാസുക്കുട്ടിയുടെ കാലിന്റെ പെരുവിരലിൽ നിന്ന് ഒരു വിറയൽ മുകളിലേക്കു വ്യാപിച്ചു തുടങ്ങി.
അലിയാർ, അയാളുടെ ഇടതു കവിളിൽ ഒന്നു തടവി.
''ഒരെണ്ണം അങ്ങോട്ടു തരട്ടേ? നിനക്ക് സത്യം പറയാനുള്ള ഊർജ്ജത്തിന്.."
''അയ്യോ... വേണ്ട സാർ..."
''ഓക്കെ."
സി.ഐ മേശയുടെ കോണിലേക്ക് പകുതി കയറിയിരുന്നു.
''നീ ആ കൊലപാതക രംഗങ്ങൾ മൊബൈലിൽ പകർത്തിയല്ലോ..."
വാസുക്കുട്ടി തലയാട്ടി.
''ഇങ്ങനെ ആട്ടി കാണിക്കുകയല്ല വേണ്ടത്. നിന്റെ നാവിൽ നിന്ന് ശബ്ദമായി പുറത്തുവരണം."
അലിയാർ കൈവിരലുകൾ ഒന്നു ചുരുട്ടി.
''ഞാൻ പകർത്തി സാർ..."
വാസുക്കുട്ടിയുടെ ശബ്ദം വിറച്ചു.
''അത് സംഭവസ്ഥലത്തുനിന്നും എത്ര മീറ്റർ അകലെ നിന്നാണ്? അവിടുത്തെ വാച്ചറായ നിനക്ക് കൃത്യമായി അത് പറയാൻ കഴിയും."
വാസുക്കുട്ടി കണക്കു കൂട്ടി.
''ഏകദേശം മുപ്പത് - മുപ്പത്തഞ്ച് മീറ്റർ..."
''നിനക്ക് ഫോട്ടോഗ്രാഫി അറിയാമോ?"
''അയ്യോ ഇല്ലസാർ..."
അലിയാർ ചിരിച്ചു:
''അപ്പോൾ എന്റെ സംശയം ഇതാണ്. ആ പെണ്ണും ചെറുക്കനും അവിടേക്കു പോകുന്നത് കണ്ടുകൊണ്ടാണല്ലോ നീ മറുഭാഗത്തേക്കു ചെന്നത്?"
''അതെ..."
''നീ ചെല്ലുമ്പോൾ അവൻ അവളെ കത്തിക്കുകയാണ്. അല്ലേടാ?"
''അതെ സാർ..."
പെട്ടെന്നു തന്നെ നീ ആ രംഗം ഫോണിൽ പകർത്തുകയും ചെയ്തു?"
''അതെ...."
''അവിടെയാണ് എന്റെ സംശയം തീരാത്തത്. നമ്മൾ പ്രതീക്ഷിക്കുന്നതിന് വിരുദ്ധവും ഭീകരവുമായ ഒരു സംഭവം അവിടെ നടക്കുന്നു. മുപ്പത്തഞ്ചു മീറ്റർ അകലെ നിന്ന് നീ ഫോട്ടോ എടുക്കുന്നു."
വാസുക്കുട്ടി ശ്രദ്ധിച്ചുനിന്നു.
കരുതലോടെ വേണം മറുപടി നൽകുവാൻ.
അലിയാർ തുടർന്നു:
''അങ്ങനെയാകുമ്പോൾ, പ്രത്യേകിച്ചും ഇത്രയും അകലെ നിന്നാകുമ്പോൾ.... യാതൊരു കാരണവശാലും കിട്ടേണ്ട ചിത്രങ്ങൾ ഇങ്ങനെയല്ല."
''ങ്‌ഹേ?" വാസുക്കുട്ടിക്കു പിടികിട്ടുന്നില്ല.
സി.ഐ വിശദീകരിച്ചു.
''സ്വാഭാവികമായും അവർ നിന്നിരുന്ന പാറയും അതിന്റെ മുകളിലും എതിർദിശയിലും ഉള്ള പ്രദേശവും കൂടി ചിത്രത്തിൽ പതിയണമായിരുന്നു..."
വാസുക്കുട്ടിക്കു കണ്ണു തള്ളി.
അത് ശ്രദ്ധിക്കാതെ അലിയാർ തുടർന്നു:
''നീ ഷൂട്ടു ചെയ്തത് വിവേകും പാഞ്ചാലിയും നിന്നിരുന്ന പാറയുടെ പത്തുമീറ്റർ ചുറ്റളവിൽ ഉള്ള ഭാഗം മാത്രമാണ്. അതിന് അർത്ഥം ഒന്നേയുള്ളു വാസുക്കുട്ടീ."
''എന്താ?"
അറിയാതെ വാസുക്കുട്ടി ചോദിച്ചുപോയി.
അലിയാർ ചിരിച്ചു:
''അതിനർത്ഥം ഒന്നു മാത്രം!
''അവിടെ ഇങ്ങനെയൊരു കൊലപാതകം നടക്കുമെന്ന് നിനക്ക് നേരത്തെ അറിയാമായിരുന്നു. അതിനു വേണ്ടി നീ നേരത്തെ ഫോണിന്റെ ക്യാമറ സ്യൂം ചെയ്ത് അവരിൽ മാത്രം ശ്രദ്ധിക്കുകയായിരുന്നു..."
ഞെട്ടി വിറച്ചുപോയി വാസുക്കുട്ടി.
ഈ പോലീസ് ഓഫീസർ എത്ര കൃത്യമായിട്ടാണ് കാര്യം പറഞ്ഞത്?
വാസുക്കുട്ടി എന്തോ പറയുവാൻ ഭാവിച്ചു.
''വേണ്ട വാസുക്കുട്ടീ. ''അലിയാർ തടഞ്ഞു. ''ഞാൻ ബാക്കി കൂടി പറഞ്ഞോട്ടെ. അപ്പോൾ തന്റെ മറുപടി ഒന്നിച്ചു തന്നാൽ മതി...."
വാസുക്കുട്ടിക്ക് നെഞ്ചിടിപ്പേറി. സി.ഐയുടെ ശബ്ദം തീപ്പൊരികളായാണ് തന്റെ കാതിൽ വന്നു വീഴുന്നതെന്ന് അയാൾക്കു തോന്നി.
''ഈ സംഭവം നടക്കുമ്പോൾ കുട്ടികൾ നിന്നിരുന്നതിനു പിന്നിലുള്ള ഉയർന്ന പാറയിൽ മറ്റ് ആരൊക്കെയോ ഉണ്ടായിരുന്നു. അവർ ചിത്രത്തിൽ വരാതിരിക്കാൻ വേണ്ടി നീ മനഃപൂർവ്വം ഫോൺ അങ്ങനെ പിടിച്ചതാണ്."
വാസുക്കുട്ടിക്ക് ശ്വാസം വിലങ്ങി.
സി.ഐ മേശയുടെ സൈഡിൽ നിന്ന് എഴുന്നേറ്റു:
''മുകളിൽ നിന്നിരുന്ന ആളാണ് പാഞ്ചാലിയുടെ ശരീരത്തിലേക്ക് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ചത്. അവളെ കത്തിച്ചതും അയാൾ തന്നെ.. കാരണം ദേ... നോക്ക്."
അലിയാർ, വാസുക്കുട്ടിയിൽ നിന്ന് തലേന്നു വാങ്ങിയ ഫോണിൽ ആ ക്ളിപ്പിംഗ് ഒരിക്കൽകൂടി എടുത്തു. അത് വാസുക്കുട്ടിക്കു നേർക്കു പിടിച്ചു.
''നോക്കെടാ. അവളുടെ ശിരസ്സിൽ നിന്നാണ് തീ പിടിക്കുന്നത്... സൈഡിൽ നിന്നിരുന്ന വിവേകാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അവളുടെ വസ്ത്രത്തിൽ ആയേനെ ആദ്യം തീയിടുക. ഇനി നിനക്ക് എന്തു പറയാനുണ്ട്?"
ചലിക്കാനായില്ല വാസുക്കുട്ടിക്ക്.
അയാൾ നിന്ന് ഉരുകി....
(തുടരും)