rimi-tomy

കൊച്ചി: ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചിതയായി. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് ഭർത്താവ് റോയ്‌സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമർപ്പിച്ച സംയുക്ത വിവാഹ മോചന ഹർജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രിൽ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടർന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തിൽ ശങ്കർ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളിൽ റിമി പാടി. നൂറുകണക്കിന് സ്‌റ്റേജ് ഷോകളിലും നിരവധി ടെലിവിഷൻ ഷോകളിലും ഭാഗമായി. 2015ൽ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ൽ ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന നിലയിലും ഇപ്പോൾ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷൻ ചാനലുകളിൽ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.