സൂറത്ത്: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഗുജറാത്തിലെ സൂറത്തുകാരനായ പ്രശാന്ത് സേതിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെടുന്നത്. സേതിയുടെ ചിരി പോലും എല്ലാവരെയും അമ്പരപ്പിച്ചു. ഒറ്റ നോട്ടത്തിൽ രാഹുൽ ഗാന്ധി! കപാഡിയ ക്ലബിനു സമീപം സേതി നടത്തിയിരുന്ന ഭക്ഷണശാലയിലേക്ക് നിരവധി പേർ ഒഴുകിയെത്തി. കച്ചവടവും വർദ്ധിച്ചു. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധിയ്‌ക്ക് മാറ്റം ഒന്നുമില്ല. എന്നാൽ സേതി വല്ലാതെ മാറിയിരിക്കുന്നു. സേതി തന്റെ ലുക്ക് മുഴുവൻ മാറ്റിയിരിക്കുകയാണ്. ശരീരഭാരം 20 കിലോ കൂട്ടിയും ഹെയർ സ്റ്റൈൽ മാറ്റിയും മൊത്തത്തിൽ ഒരു മേക്കോവർ വരുത്തിയിരിക്കുകയാണ് ഈ 30കാരൻ.
'ദേശീയ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാനൊരു ബി.ജെ.പി അനുഭാവിയും നരേന്ദ്ര മോദിയുടെ ആരാധകനുമാണ്. രാഹുൽ ഗാന്ധിയുമായുള്ള സാമ്യത്തിന്റെ പേരിൽ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇക്കാരണത്താൽ മാത്രം ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ഞാൻ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥ പറയുന്ന ' പി.എം നരേന്ദ്ര മോദി ' എന്ന ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ വേഷം ചെയ്യാൻ തന്നെ ക്ഷണിച്ചെങ്കിലും താൻ അത് നിരസിച്ചു. എടുത്തുപറയത്തക്ക വിധം യാതൊരു നേട്ടവും രാഹുലിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിൽ എനിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു- സേതി പറയുന്നു.
മുമ്പ് അപരിചിതർ പോലും തനിക്ക് രാഹുലുമായുള്ള സാമ്യത്തെ പറ്റി പറയുന്നത് സേതി ആസ്വദിച്ചിരുന്നു കോൺഗ്രസിന്റെ രാഷ്ട്രീയ തത്വങ്ങൾക്കെതിരായ നിലപാട് സ്വീകരിക്കുന്ന സേതി രാഹുലിന്റെ പ്രവർത്തനങ്ങളിൽ തീരെ അസംതൃപ്‌തനുമാണ്. സേതിയെ യൂത്ത് കോൺഗ്രസിൽ ചേർക്കാൻ പിതാവ് സുഭാഷ് ശ്രമിച്ചിരുന്നെങ്കിലും സേതി തയാറായില്ല.
സേതി രൂപമാറ്റം വരുത്തിയതിൽ ഭാര്യ ഗുൻജന് യാതൊരു പരാതിയുമില്ല. ആദ്യമൊക്കെ സേതിയുടെ രൂപ സാദൃശ്യം ഗുൻജന് അഭിമാനമായിരുന്നു. സേതിയ്‌ക്ക് ബോളിവുഡ് നടൻ നീൽ നിതിൻ മുകേഷുമായി സാമ്യമുണ്ടെന്നും ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിനെക്കാൾ എന്തുകൊണ്ടും ഒരു ബോളിവുഡ് സെലിബ്രിറ്റിയെ പോലിരിക്കുന്നു എന്ന് പറഞ്ഞ് കേൾക്കുന്നതാണ് നല്ലതെന്നുമാണ് ഗുൻജൻ ഇപ്പോൾ പറയുന്നത്.