തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് വമ്പൻ മയക്കുമരുന്ന് കടത്ത് കേസുകളിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി അടിമാലി സ്വദേശി മൂർഖൻ ഷാജിയുടെ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. അടിമാലി ചാറ്റുപാറയിലുള്ള ഷാജിയുടെ വീടുൾപ്പെടെ രണ്ട് കെട്ടിടങ്ങളും സമീപത്ത് നാല് സ്ഥലങ്ങളിലായുള്ള അരയേക്കറിലധികം സ്ഥലവുമാണ് കണ്ടുകെട്ടുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. മയക്കുമരുന്ന് കുറ്രകൃത്യ നിയമപ്രകാരം, കേസ് അന്വേഷിക്കുന്ന അസി. എക്സൈസ് കമ്മിഷണറാണ് നടപടി സ്വീകരിക്കുന്നത്. സ്വത്തുക്കൾ കണ്ടുകെട്ടാൻ ശുപാർശചെയ്ത് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോമ്പിറ്റന്റ് അതോറിട്ടിയ്ക്ക് എക്സൈസ് റിപ്പോർട്ട് സമർപ്പിച്ചു.
കഴിഞ്ഞ ആറുവർഷത്തിനിടെ മൂർഖൻ ഷാജി സമ്പാദിച്ച സ്വത്തുക്കളാണ് ഇവ. ആദായനികുതി റിട്ടേണുകൾ പരിശോധിച്ചതിൽ നിന്ന് ഇക്കാലയളവിൽ ഷാജിക്ക് മറ്റ് തരത്തിലുളള വരുമാനങ്ങളൊന്നുമുണ്ടായതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാലയളവിൽ ഹാഷിഷ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് കടത്തിലും കച്ചവടത്തിലും ഇയാൾ സജീവമായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി.
കേസിൽ പ്രതിയായി ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരു, ഹൈദരബാദ്, തമിഴ്നാട് എന്നിവിടങ്ങളിൽ ബിനാമി വസ്തുവകകളോ ബാങ്ക് നിക്ഷേപമോ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തന്റെ വനിതാ സുഹൃത്തിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന അരക്കോടിയിലധികം രൂപ അടുത്തിടെ പിൻവലിച്ചെന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് രണ്ട് ഹാഷിഷ് കടത്ത് കേസുകളിലായി അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഇയാൾക്കെതിരായ കുറ്രപത്രം എക്സൈസ് അസി. കമ്മിഷണറായ എ.ആർ സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച സമർപ്പിക്കും. വർഷങ്ങളായി രാജ്യാന്തര മയക്കുമരുന്ന് കടത്ത് രംഗത്ത് പ്രവർത്തിക്കുന്ന ഷാജി ആദ്യമായാണ് അറസ്റ്റിലാകുന്നത്.
കേസുകൾ
മണ്ണന്തലയിൽ നിന്ന് പത്തര കിലോ ഹാഷിഷും 13.5 ലക്ഷം രൂപയും പിടികൂടിയത്.
തിരുവനന്തപുരം സിറ്റിയിൽ നിന്ന് 1.8 കിലോ ഹാഷിഷ് പിടിച്ചത്.
അടിമാലിയിലെ സ്പിരിറ്റ് കേസ്. ഇതേകേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസുണ്ട്.
മറ്റൊരു കേസിലും കുടുങ്ങും
വാളയാറിൽ നിന്ന് ഏതാനും വർഷം മുമ്പ് 36.5 കിലോഗ്രാം ഹാഷിഷ് പിടികൂടിയ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കേസിലും മൂർഖൻ ഷാജി പ്രതിയാകും. അന്ന് ഹാഷിഷ് കടത്തിക്കൊണ്ടുവന്ന വാഹനത്തിന് പൈലറ്റായി ഇയാൾ മറ്രൊരു കാറിൽ യാത്രചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണിത്.