ഇത്തവണ ആര് രാജ്യം ഭരിക്കും? അത്ര ഈസിയല്ല ഉത്തരം. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നതിന് അപ്പുറം പോകില്ലെന്നും, എത്ര പോയാലും ഭരിക്കാൻ വേണ്ടത്ര സീറ്റ് കോൺഗ്രസും സഖ്യകക്ഷികളും നേടില്ലെന്നുമാണ് ദേശീയ രാഷ്‌ട്രീയത്തിലെ വിലയിരുത്തൽ.
മേയ് 23- ന് വോട്ടെണ്ണൽ കഴിയുമ്പോൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥ വന്നാൽ കിംഗ് മേക്കർ ആവുക, ഒരു പക്ഷത്തും നിൽക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ട തെലുങ്ക് സംസ്ഥാന പാർട്ടികളാകും. ദേശീയ രാഷ്ട്രീയത്തിൽ നിലപാടെടുത്തും തിരുത്തിയും പയറ്റി നിന്നിരുന്നത് തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ്. പക്ഷേ, ഇത്തവണ കളിമാറുകയാണ്. ഇതുവരെ സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) അദ്ധ്യക്ഷനുമായ ചന്ദ്രശേഖർ റാവുവാണ് കിംഗ് മേക്കറാകാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത്.
ചന്ദ്രബാബു നായിഡുവുമായി അത്ര നല്ല ബന്ധമല്ല റാവുവിന്. അതേസമയം നായിഡുവിന്റെ മുഖ്യ എതിരാളി വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായി സൗഹൃദത്തിലുമാണ്. തിരിഞ്ഞെടുപ്പിന് മുമ്പുതന്നെ വൈ.എസ്.ആർ കോൺഗ്രസ്- ടി.ആർ.എസ് ധാരണ പാട്ടായിക്കഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് നീരീക്ഷകരുടെ കണക്കുകൂട്ടൽ.
ആന്ധ്രയിലും തെലുങ്കാനയിലുമായി ആകെ 42 സീറ്റ്. ഇതിൽ വൈ.എസ്.ആർ കോൺഗ്രസിനും ടി.ആർ.എസിനുമായി 30 സീറ്റ് കിട്ടുമെന്ന മനക്കണക്കിലാണ് ചന്ദ്രശേഖർ റാവു പുതിയ കരുനീക്കം നടത്തുന്നത്. കോൺഗ്രസിനോടും ബി.ജെ.പിയോടും സമദൂരം പാലിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടു പാർട്ടികളും ഫലം വരുമ്പോൾ എൻ.ഡി.എ മുന്നേറുകയും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്‌താൽ വിലപേശി അവർക്കൊപ്പം ഭരണത്തിൽ പങ്കാളിയാകാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, നിലവിലെ സാദ്ധ്യതകൾ പരിഗണിക്കുമ്പോൾ, കോൺഗ്രസിനാണ് മുന്നേറ്റമെങ്കിൽ അവർക്കൊപ്പം കൂടാനും അതല്ലെങ്കിൽ മൂന്നാം മുന്നണി രൂപീകരിച്ച് ഭരണം കയ്യാളാനും കഴിയുമെന്ന കണക്കു കൂട്ടലിലാണ് ഇപ്പോൾ റാവു. അതു കണക്കാക്കി ദക്ഷിണേന്ത്യൻ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനാണ് ശ്രമം. ഈ സഖ്യത്തിന് നൂറിലധികം സീറ്റ് നേടാനായാൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പത്തിലാകും. ആലോചനകളുടെ ഭാഗമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ചന്ദ്രശേഖർ റാവു ചർച്ച നടത്തിക്കഴിഞ്ഞു.
റാവുവിന്റെ നീക്കത്തോട് അനുകൂല നിലപാടാണ് കുമാരസ്വാമി സ്വീകരിച്ചത്. ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ഇതുവരെ ചർച്ച നടന്നിട്ടില്ല. തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് സ്റ്റാലിനെങ്കിലും ഇവരുടെ കൂടിക്കാഴ്ച ഉടൻ നടന്നേക്കും.
തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലുമായി 40 സീറ്റുകൾ ഉള്ളതിൽ 19-ൽ മാത്രമാണ് ഡി.എം.കെ മത്സരിക്കുന്നത്. 12 മുതൽ 15 വരെ സീറ്റുകൾ ഡി.എം..കെ നേടുമെന്നാണ് കരുതുന്നത്. കുമാരസ്വാമിയും സ്റ്റാലിനും നിലവിൽ കോൺഗ്രസുമായി സഖ്യത്തിലാണ്. ആന്ധ്രയ്‌ക്ക് പ്രത്യേക പദവി കിട്ടിയാൽ ആ മുന്നണിക്കൊപ്പം പോകുമെന്നാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി നേരത്തെ സൂചിപ്പിച്ചിട്ടുള്ളത്. എതിരാളിയായ ചന്ദ്രബാബു നായിഡുവും സംസ്ഥാനത്തിന്റെ പ്രത്യേക പദവിക്കുവേണ്ടിയാണ് വാദിക്കുന്നത്.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞാണ് വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചതു തന്നെ അതുകൊണ്ടു തന്നെ ജഗൻ കോൺഗ്രസുമായി എത്രത്തോളം അടുക്കുമെന്ന് കണ്ടറിയണം. ചന്ദ്രശേഖർ റാവുവിന്റെ നീക്കങ്ങളിൽ അസ്വസ്ഥനാണ് ചന്ദ്രബാബു നായിഡു. അതുകൊണ്ടു തന്നെയാണ് നായിഡു ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി ഒരു മുഴം മുമ്പേ എറിഞ്ഞത്.
കഴിഞ്ഞ തവണ എൻ.ഡി.എയുടെ ഭാഗമായി നിലകൊള്ളുകയും അവസാന വർഷം തെറ്റിപ്പിരിയുകയും ചെയ്‌ത തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു കോൺഗ്രസുമായി അടുക്കുന്നതിന്റെ സൂചന നേരത്തേ തന്നെ നൽകിയിരുന്നു. തിരഞ്ഞെടുപ്പു സമയത്ത് മഹാസഖ്യവുമായിട്ടായിരുന്നു ചങ്ങാത്തം. നായിഡുവിനു വേണ്ടി വോട്ടു തേടി ദേശീയ പ്രതിപക്ഷ നേതാക്കളായ മമതാ ബാനർജി, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ ആന്ധ്രയിൽ എത്തിയിരുന്നു.