മുടപുരം: ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരത്തോടുകൂടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പത്മപ്രസാദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. അനിൽ, ബി. സുധർമ്മ, പഞ്ചായത്തംഗങ്ങളായ അഴൂർ വിജയൻ, എം. തുളസി, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ആശുപത്രി വളപ്പ് വ്യത്തിയാക്കി ഫലവൃക്ഷങ്ങൾ നട്ടു.
പഞ്ചായത്തിലെ 18 വാർഡുകളിലെയും മുഴുവൻ വീടുകളിലും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുവാനും പരിസരം വൃത്തികേടാക്കി ഇട്ടിരിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾ ആശവർക്കർമാർ സന്നദ്ധ സംഘടനാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ അറിയിച്ചു.