nr madhavamenon
തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച നിയമപണ്ഡിതനും ദേശീയ ജുഡിഷ്യൽ അക്കാഡമി സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. എൻ.ആർ. മാധവ മേനോന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്‌കരിച്ചു. മകൻ രാമകൃഷ്ണ മേനോനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം
ചൊവ്വാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് അന്തരിച്ചത്. രാജ്യത്ത് ആധുനിക നിയമപഠനത്തിന് ദിശാബോധമുണ്ടാക്കിയ മാധവമേനോന് പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ എൻ.ആർ. മാധവ മേനോൻ
രണ്ട് വർഷമായി വൈക്കം മറവൻ തുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിന് സമീപം രാധാമാധവത്തിലായിരുന്നു താമസം. അസുഖത്തെ തുടർന്ന് പൂജപ്പുര സായിറാം റോഡിലെ ദേവിപ്രിയ എന്ന വീട്ടിലേക്ക് താമസം മാറിയിരുന്നു.
കേരള സർവകലാശാലയിൽനിന്ന് ബിരുദവും പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അലിഗഢ് സർവകലാശാലയിൽനിന്ന് എൽഎൽ.എം, പിഎച്ച്.ഡി ബിരുദവും നേടി.
1956 ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.1986-ലാണ് ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആവശ്യം അനുസരിച്ച് ബംഗളൂരുവിൽ നാഷണൽ ലാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻ.എൽ.എസ്.ഐ.യു) തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്തത്. 12 വർഷം ഈ സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചു.
2006ൽ ഔദ്യോഗിക പദവികളിൽനിന്ന് വിരമിച്ച മാധവമേനോനെ കേന്ദ്രം സെൻട്രൽ - സ്‌റ്റേറ്റ് റിലേഷൻ കമ്മിഷൻ അംഗമാക്കി. കേന്ദ്രസർക്കാർ നിയോഗിച്ച രണ്ട് കമ്മിറ്റികളുടെ അദ്ധ്യക്ഷനും അദ്ദേഹമായിരുന്നു. കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
മാധവമേനോന്റെ സഹോദരിമാരായ സുകുമാരി അമ്മ, ശാരദാമ്മ, സരോജിനി അമ്മ എന്നിവരും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു. അനുരാധയാണ് മരുമകൾ. വിജയ്, അജയ് എന്നിവർ ചെറുമക്കളാണ്. ഞായറാഴ്ച രാവിലെ 9നാണ് മരണാനന്തരചടങ്ങുകൾ. അന്ത്യാഞ്ജലി അർപ്പിക്കാൻ ഗവർണർ പി. സദാശിവം, മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, വി. മുരളീധരൻ എം.പി, ന്യുവാൽസ് വൈസ് ചാൻസലർ കെ.സി. സണ്ണി, സി. ദിവാകരൻ എം.എൽ.എ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ടി.കെ.എ. നായർ തുടങ്ങിയവരും എത്തിയിരുന്നു.