നിയമമേഖലയെക്കുറിച്ച് തീർത്തും വ്യത്യസ്തവും ഈടുറ്റതുമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു ഡോ.എൻ.ആർ.മാധവമേനോൻ. നിർഭാഗ്യകരമെന്ന് പറയട്ടെ ,അദ്ദേഹത്തിന്റെ അനുപമമായ ആ കഴിവുകളെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പവും ബഹുമാനവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നിയമപഠന മേഖലയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.
യഥാർത്ഥത്തിൽ ഇന്ത്യൻ നിയപഠനരംഗത്തെ ആധുനികവത്കരിച്ച മഹത് വ്യക്തിത്വമാണ് മാധവമേനോൻ. ത്രിവത്സര എൽ.എൽ.ബി പാഠ്യപദ്ധതിക്ക് പകരം പഞ്ചവത്സര എൽ.എൽ.ബി പാഠ്യപദ്ധതി ഭാരതത്തിലുടനീളം നടപ്പാക്കിയതിന്റെ ശില്പി അദ്ദേഹമായിരുന്നു. രാജ്യത്തെ ന്യായാധിപന്മാർക്ക് തുടർ നിയമ വിദ്യാഭ്യാസത്തിനായി 2003 ൽ നാഷണൽ ജുഡിഷ്യൽ അക്കാഡമി സ്ഥാപിതമായപ്പോൾ അതിന്റെ പ്രഥമ ഡയറക്ടർ ഡോ. മാധവ മേനോനായിരുന്നു. 2006 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. പിൽക്കാലത്ത് ഡോ. മോഹൻഗോപാൽ അക്കാഡമിയുടെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ തിരുവനന്തപുരം കുടുംബകോടതി ജഡ്ജിയായിരുന്ന ഞാൻ ഡെപ്യൂട്ടേഷനിൽ പ്രൊഫസറായി ഒരു വർഷം അവിടെ സേവനമനുഷ്ഠിച്ചിരുന്നു. അക്കാലത്ത് വിസിറ്റിംഗ് പ്രൊഫസറായി അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു. നിരവധി കാര്യങ്ങൾ അക്കാലത്ത് അദ്ദേഹത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു. അന്നു മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള അടുപ്പം.
നാഷണൽ ലാ സ്കൂൾ ഇന്ത്യ യൂണിവേഴ്സിറ്റി സ്ഥാപിച്ചതും അതിന്റെ പ്രഥമ ഡയറക്ടറായിരുന്നതും മാധവമേനോനാണ്. പാശ്ചാത്യ നാടുകളിലെ നിയമപഠന സർവകലാശാലകളുടെ നിലവാരത്തിനൊപ്പം ഭാരതത്തിലെ നിയമപഠനരംഗത്തെ ഉയർത്തുകയായിരുന്നു ഈ സർവകലാശാലയുടെ ലക്ഷ്യം. കുറ്രമറ്റ രീതിയിൽ പരീക്ഷകൾ നടത്താൻ അദ്ദേഹം ആവിഷ്കരിച്ച സമ്പ്രദായങ്ങൾ തികച്ചും അനുകരണീയമായിരുന്നു. ഒരേ ചോദ്യത്തിന്റെ എല്ലാ ഉത്തരപേപ്പറുകളിലെയും ഉത്തരങ്ങൾ മൂല്യനിർണയം നടത്തുന്ന എല്ലാ അദ്ധ്യാപകരും പരിശോധിക്കുകയെന്നതായിരുന്നു അതിൽ ഒരു പരിഷ്കാരം. ഫലനിർണയത്തിൽ ഏറ്റവും കൃത്യത വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. നിയമരംഗത്ത് പ്രത്യേകമായ ഒരു അദ്ധ്യയന രീതി തന്നെ അദ്ദേഹം പരീക്ഷിച്ചു വിജയിപ്പിച്ചു.
നിയമജ്ഞർക്ക് വേണ്ടി അദ്ദേഹം നടത്തിയ പരിശീലന പരിപാടികളും വ്യത്യസ്തമായ അനുഭവമായി മാറി. വിവിധ മേഖലകളിലെ ഏറ്റവും വിദഗ്ദ്ധരായവരെ കൊണ്ടുവന്ന് വേറിട്ട വിഷയങ്ങളെക്കുറിച്ച് ക്ളാസുകൾ നടത്തുന്നതായിരുന്നു രീതി. ഓരോ പരിശീലന ക്യാമ്പും കഴിയുമ്പോൾ പുതുതായി എന്തെങ്കിലും ചില കാര്യങ്ങൾ ഗ്രഹിക്കാൻ പങ്കെടുക്കുന്ന ഓരോരുത്തർക്കും സാധിക്കും. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ജുഡിഷ്യൽ സയൻസസിന്റെ പ്രഥമ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. നിരവധി നിയമപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 'ടേണിംഗ് പോയിന്റ് ' എന്ന പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെയും രചനകളെയും കുറിച്ചുള്ളതാണ്.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും അദ്ദേഹം തന്റെ മേഖലയിൽ കർമ്മോത്സുകനായിരുന്നു. അഭിഭാഷകർക്ക് തുടർ നിയമവിദ്യാഭ്യാസം നൽകാൻ വേണ്ടി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ചെയർമാനായുള്ള എം.കെ.നമ്പ്യാർ ട്രസ്റ്റും കേരള ബാർ കൗൺസിലും കൂടി സ്ഥാപിച്ച 'എം.കെ.എൻ അക്കാഡമി ഫോർ കണ്ടിന്യുയിംഗ് ലീഗൽ എജ്യൂക്കേഷൻ' എന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറായിരിക്കെയാണ് അസുഖ ബാധിതനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇനിയും എത്രയോ സേവനങ്ങൾ രാജ്യത്തിന്റെ നിയമപഠന മേഖലയ്ക്ക് ആ മഹാത്മാവിൽ നിന്ന് കിട്ടേണ്ടതായിരുന്നു. പലതും നമ്മൾ നഷ്ടപ്പെടുത്തുകയും ചെയ്തു.
(സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറിയാണ് ലേഖകൻ)