1

നേമം: പാപ്പനംകോടിന് സമീപം ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. നേമം തുലവിള തോട്ടത്തുവിളാകത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ രമ്യയുടെ മൂന്നരപ്പവന്റെ മാലയാണ് നഷ്ടമായത്. ഇന്നലെ രാവിലെ 11.20ന് പാപ്പനംകോട് ശ്രീവത്സം കല്യാണമണ്ഡപത്തിന് സമീപത്തുള്ള ഇട റോഡിലായിരുന്നു സംഭവം. കൈമനത്തുള്ള ബാങ്കിൽ രമ്യ പണമടച്ച ശേഷം ആഡിറ്റോറിയത്തിന് സമീപത്തെ ജനശ്രീയുടെ കമ്മിറ്റിക്ക് പോകവേയാണ് സംഭവം. വേഗത കുറച്ച് ബൈക്കിലെത്തിയ യുവാവ് രമ്യയുടെ സമീപത്തെത്തി കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ പകുതിഭാഗം ഇയാൾ കൈക്കലാക്കി. പിടിവലിയിൽ രമ്യയുടെ കഴുത്തിൽ ചെറിയ മുറിപറ്റി. മോഷ്ടാവിന്റെ ചിത്രം ആഡിറ്റോറിയത്തിലുള്ള സി.സി ടിവി കാമറയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.