തിരുവനന്തപുരം: ജൂൺ മൂന്നിന് ക്ലാസുകൾ തുടങ്ങുകയെന്ന ലക്ഷ്യത്തോടെ പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ, അലോട്ട്‌മെന്റ് നടപടികൾ ഇത്തവണ നേരത്തേ ആരംഭിക്കും. മേയ് 10ന് അപേക്ഷ സ്വീകരിച്ചുതുടങ്ങും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം പരിശോധനയ്ക്കായി ജില്ലയിലെ ഏതെങ്കിലും ഹയർസെക്കൻഡറി സ്‌കൂളിൽ സമർപ്പിക്കാനുമുള്ള അവസാന തീയതി 16 ആണ്. 20ന് ട്രയൽ അലോട്ട്മെന്റും 24ന് ആദ്യഘട്ട അലോട്ട്‌മെന്റും നടത്തും.
ജൂൺ മൂന്നിന് മുമ്പ് മറ്റ് അലോട്ട്‌മെന്റുകളും പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കും. ആവശ്യമെങ്കിൽ കൂടുതൽ അലോട്ട്‌മെന്റുകൾ നടത്തും. പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഇക്കുറി പരമാവധി കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ രണ്ടു വർഷങ്ങളിലേതുപോലെ രണ്ട് ഘട്ടങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനത്തിലാണ് ഇത്തവണയും സ്‌പോർട്സ് ക്വോട്ടയിലെ പ്രവേശനം. സ്‌പോർട്സ് ക്വോട്ട അഡ്മിഷനുവേണ്ടി 15 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.