ആറ്റിങ്ങൽ : പിറന്നതും വളർന്നതും പഠിച്ചതും ഒരുമിച്ച്. ഒടുവിൽ പ്ളസ് ടു പരീക്ഷാ ഫലം വന്നപ്പോൾ മാർക്കിലുമില്ല വ്യത്യാസം. ഇരട്ടക്കുട്ടികൾക്ക് ഒരേപോലെ ഫുൾ മാർക്ക്. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർത്ഥികളായ കൃഷ്ണ ബി. വേണുവും കൃപ വി. വേണുവുമാണ് വിജയത്തിലും ഒരുമ കാട്ടിയത്. പരസ്പരം പഠനത്തിൽ സഹായിക്കും.ഒരു മാർക്കുപോലും വിട്ടുകൊടുക്കരുതെന്ന വാശിയോടെയാണ് പരീക്ഷ എഴുതിയത്. ഫലം വന്നപ്പോൾ നാവായിക്കുളം നെസ്റ്റിൽ ആറ്റിങ്ങൽ നഗരസഭാ ലൈബ്രറിയിലെ ലൈബ്രേറിയനായ കെ. വേണുവിനും ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ അദ്ധ്യാപികയായ എസ്. ബീനയ്ക്കും മക്കൾ നൽകിയത് ഇരട്ടിമധുരം.പഠന പ്രവർത്തനങ്ങൾക്കൊപ്പം പഠനേതര രംഗത്തും ഇരുവരും മികവ് കാട്ടിയിരുന്നു. കലോത്സവത്തിൽ ഒരുമിച്ച് മത്സരിക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കും. ഗിറ്റാർ, വയലിൻ മത്സരങ്ങളിൽ നിരവധി തവണ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാനതലത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. ശാസ്ത്രമേളയിലെ ശാസ്ത്ര ക്വിസിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റിൽ രണ്ടാം സ്ഥാനവും നേടി.സിവിൽ സർവീസിൽ താത്പര്യമുള്ള ഇരുവരും കഴിഞ്ഞ മെഡിക്കൽ എൻട്രൻസ് പരീക്ഷയും എഴുതിയിട്ടുണ്ട്. ബി. സത്യൻ എം.എൽ.എ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
ഫോട്ടോ....കൃഷ്ണ ബി. വേണുവും കൃപ ബി. വേണുവും