കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേ അറ്റംവരെ കുരുക്കില്ലാത്ത വാഹനയാത്ര സ്വപ്നം കണ്ട് പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന മുഴുവൻ ആളുകളെയും നിരാശപ്പെടുത്തുന്നതാണ് ദേശീയപാത വികസനത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന തിരിച്ചടി. ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവരിൽ നിന്നുയർന്ന അതിരൂക്ഷമായ എതിർപ്പും വോട്ടുകൾ നഷ്ടപ്പെടുമോയെന്ന, സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിലനിന്നിരുന്ന ആശങ്കയും കാരണം അനവധി വർഷങ്ങൾ കാര്യമായി ഒന്നും നടക്കാതിരിക്കുകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ക്രിയാത്മകമായ ചില നടപടികളുണ്ടായില്ലെന്നല്ല. ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനം വികസനപാതയിൽ നിന്ന് ബഹുദൂരം പിന്തള്ളപ്പെടുമെന്ന നിലപാടിൽത്തന്നെയായിരുന്നു മുൻ സർക്കാരും. യു.ഡി. എഫ് അധികാരമൊഴിഞ്ഞ് പുതുതായി വന്ന എൽ.ഡി.എഫ് സർക്കാർ ദേശീയപാത വികസന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ടതും അതിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ കലവറയില്ലാത്ത പിന്തുണ ലഭിച്ചതും പാളം തെറ്റിക്കിടന്ന പാതവികസന പദ്ധതികൾക്ക് പുതുജീവൻ നൽകാൻ സഹായകമായി. ഭൂമി ഏറ്റെടുക്കൽ നടപടികളിലും പുരോഗതി ദൃശ്യമായി. അതുമായി ബന്ധപ്പെട്ട ആദ്യ വിജ്ഞാപനങ്ങളും ഇതിനിടയിൽ ഇറങ്ങി. ഇപ്പോഴിതാ കേൾക്കുന്നു 2021 വരെ പാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നിറുത്തിവയ്ക്കാൻ ദേശീയപാത അതോറിട്ടിയിൽ നിന്ന് അറിയിപ്പ് വന്നിരിക്കുന്നുവെന്ന്. പ്രത്യേകിച്ച് ഒരു കാരണവും പറയാതെയാണത്രെ അന്തക്കരണമില്ലാത്ത ഇൗ തീരുമാനം.
ഭൂമി പൂർണമായും ഏറ്റെടുത്ത കാസർകോട് ജില്ലയിൽ മാത്രമാണ് പണി തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ശേഷം ജില്ലകളിലും ഭൂമി ഏറ്റെടുക്കൽ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുകയാണ്. ചിലേടത്ത് എൺപത് ശതമാനത്തോളമായിക്കഴിഞ്ഞു. ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള പ്രദേശങ്ങളിൽ അൻപത് ശതമാനമേ പൂർത്തിയായിട്ടുള്ളൂ. എല്ലാ നടപടികളും നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടതോടൊപ്പം ദേശീയപാത വികസനത്തിൽ സംസ്ഥാനത്തെ മുൻഗണനാപദവിയിൽ നിന്ന് മാറ്റിനിറുത്തുകയും ചെയ്തിരിക്കുന്നു. സ്ഥലമെടുപ്പ് പൂർത്തിയായി പണി തുടങ്ങിയാൽ രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യംവച്ച് തയ്യാറാക്കിയ പദ്ധതിയാകെ കേന്ദ്രത്തിന്റെ തരവഴിത്തരം കാരണം തകിടം മറിഞ്ഞിരിക്കുകയാണ്. 'നിങ്ങൾ സ്ഥലം എടുത്തുതരൂ; എത്രകോടി രൂപ വേണമെങ്കിലും മുടക്കി റോഡ് നിർമ്മിച്ചുനൽകാമെന്ന് ' കഴക്കൂട്ടത്തുവന്ന് വീമ്പുപറഞ്ഞ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കുപോലും കേരളത്തെ മുൻഗണനാ വിഭാഗത്തിൽ നിന്ന് മാറ്റിനിറുത്തിയ ഇപ്പോഴത്തെ നടപടിയെക്കുറിച്ച് മിണ്ടാട്ടമൊന്നുമില്ല.
ഏത് വികസന പദ്ധതിയുടെയും കാര്യത്തിൽ സംസ്ഥാനം പണ്ടുമുതലേ നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അടിസ്ഥാന സൗകര്യവികസന രംഗത്ത് വൻകുതിച്ചുചാട്ടത്തിന് വഴിതുറന്നു എന്നവകാശപ്പെടുന്ന കേന്ദ്ര ഭരണകൂടം കേരളത്തിന്റെ കാര്യം വന്നപ്പോൾ കൊഞ്ഞനം കുത്തുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആരോപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും?
ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് പണ്ടെന്നോ കേന്ദ്ര ഗതാഗതമന്ത്രിക്ക് അയച്ചുകൊടുത്ത ഒരു നിവേദനമാണ് ദേശീയപാത വികസനം അട്ടിമറിച്ചതെന്ന മട്ടിലുള്ള എൽ.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളിൽ കഥയൊന്നുമില്ല. സംസ്ഥാനം പ്രളയത്തിൽ മുങ്ങിനിൽക്കവെ ഇക്കഴിഞ്ഞ സെപ്തംബറിൽ എഴുതിയ കത്ത് കണ്ടിട്ടാണ് കേന്ദ്രം സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതി രണ്ടാം മുൻഗണനാ ലിസ്റ്റിലേക്ക് തള്ളിമാറ്റിയതെന്നു കരുതാൻ സ്വബോധമുള്ളവർക്ക് കഴിയില്ല. നെറികെട്ട ഇൗ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ വൈരവും സ്വേച്ഛാപ്രമത്തതയും തന്നെയാണുള്ളത്. പറഞ്ഞ വാക്കിനും ചൊരിഞ്ഞ വാഗ്ദാനങ്ങൾക്കും ഒരു വിലയുമില്ലെന്ന് വന്നിരിക്കുന്നു. രാജ്യത്ത് പ്രതിദിനം ശരാശരി മുപ്പതു മുപ്പത്തഞ്ചു കിലോമീറ്റർ ദേശീയപാത നിർമ്മാണം പൂർത്തിയാവുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. പാതവികസനത്തിൽ ഇത്രയേറെ താത്പര്യം കാട്ടുന്നവർ കേരളത്തിന്റെ കാര്യം വന്നപ്പോൾ ഇനിയെല്ലാം രണ്ടുവർഷം കഴിഞ്ഞു മതി എന്ന് ആജ്ഞാപിക്കുന്നതിലെ പൊരുളെന്താണ്? പ്രളയ ദുരിതാശ്വാസ സഹായം അനുവദിക്കുന്നതിൽ പോലും ദൃശ്യമായതാണ് കടുത്ത വിവേചനം. അനുവദിക്കപ്പെട്ട പദ്ധതികളുടെ കാര്യത്തിൽപ്പോലും സംസ്ഥാനത്തോട് ചിറ്റമ്മനയം പുലർത്തുന്ന കേന്ദ്ര ഭരണകൂടം ഇവിടത്തെ സർക്കാരിനെയല്ല ജനങ്ങളെയാണ് ശിക്ഷിക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്.
80 ശതമാനമെങ്കിലും സ്ഥലം ഏറ്റെടുത്താൽ അവിടെ പാത വികസന ജോലി തുടങ്ങാമെന്നായിരുന്നു ഒരു ഘട്ടത്തിൽ പറഞ്ഞു കേട്ടിരുന്നത്. അതു വച്ചു നോക്കിയാൽ തലപ്പാടി മുതൽ ഇടപ്പള്ളിവരെയുള്ള 417 കിലോമീറ്ററിൽ എൺപതു ശതമാനത്തോളം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞിട്ടുള്ളതാണ്. കാസർകോടുമുതൽ തൃശൂർവരെ 95 ശതമാനവും പൂർത്തിയായെന്നാണ് വിവരം. ഇവിടങ്ങളിൽ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അപ്പോഴാണ് പാത വികസനം അപ്പാടെ അട്ടിമറിക്കുന്ന തീരുമാനമുണ്ടായിരിക്കുന്നത്.
മുൻ സർക്കാരിന്റെ അവസാനകാലത്ത് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാനുണ്ടായിരുന്നത് 3284 ഏക്കർ ഭൂമിയാണ്. ഇതിന് 13,136 കോടിരൂപയുടെ ചെലവും കണക്കാക്കിയിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ ഇതിലധികം തുകയുണ്ടെങ്കിലേ കാര്യം നടക്കുകയുള്ളൂ. രണ്ടുവർഷംകൂടി കഴിഞ്ഞ് ഭൂമി ഏറ്റെടുക്കാൻ ചെല്ലുമ്പോൾ വില പിന്നെയും കൂടിയിരിക്കും. സമാന്തരമായി പോകുന്ന തീവണ്ടിപ്പാളം കണക്കെ ഇങ്ങനെ ദേശീയപാത വികസന പദ്ധതി നീണ്ടുനീണ്ടു പോയാൽ എന്നാണ് ഇതിനൊരു അവസാനം.