plus-two

തിരുവനന്തപുരം: ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂൺ 10 മുതൽ 17 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ചകഴിഞ്ഞ് രണ്ടു മുതലുമായിരിക്കും പരീക്ഷ. 2019 മാർച്ചിലെ രണ്ടാം വർഷ പരീക്ഷയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. കംപാർട്ട്‌മെന്റൽ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവർക്ക് ആ വിഷയത്തിന് മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഡിയോ അതിൽ താഴെയോ ഗ്രേഡ് ആണെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. 2019 മാർച്ചിൽ ആദ്യമായി പരീക്ഷ എഴുതിയ റഗുലർ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം തങ്ങളുടെ സ്‌കോർ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടാം വർഷ തിയറി പേപ്പറുകൾക്ക് മാത്രമേ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ. സേ പരീക്ഷയ്ക്ക് പേപ്പർ ഒന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. ഇതിനു പുറമേ സർട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടയ്ക്കണം. മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പുനർമൂല്യനിർണയ അപേക്ഷ 15 വരെ

പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ പകർപ്പിനും സൂക്ഷ്മപരിശോധനയ്‌ക്കും 15 വരെ അപേക്ഷിക്കാം. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ് വിഷയങ്ങൾക്ക് പുനർ മൂല്യനിർണയവും സൂക്ഷ്മപരിശോധനയും ഉണ്ടായിരിക്കില്ല. ഇവയുടെ ഉത്തരക്കടലസുകളുടെ പകർപ്പിന് അപേക്ഷിക്കാം. പരീക്ഷ എഴുതിയ കേന്ദ്രത്തിലാണ് സമർപ്പിക്കേണ്ടത്. പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്.

മൈഗ്രേഷൻ സർട്ടിഫിക്കറ്റ്

പ്ലസ് ടു ജയിച്ച എല്ലാവർക്കും മാർച്ചിൽ പരീക്ഷ എഴുതിയ കേന്ദ്രത്തിൽനിന്ന് സർട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. ഇതിന് ഫീസ് അടയ്‌ക്കേണ്ടതില്ല.