തിരുവനന്തപുരം:ഭീകരപ്രവർത്തനം തടയുന്നതിൽ സർക്കാരിന്റെ വീഴ്ചയും മൃദുസമീപനവും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘം ഗവർണർക്ക് നിവേദനം നൽകി.സർക്കാരിനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
യെമനിലേക്ക് ആൾക്കാരെ കടത്തുന്നത് സംബന്ധിച്ച റിപ്പോർട്ട് 2018 ജൂലായിൽ കാസർകോട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നൽകിയതാണ്. അതിലെ ശുപാർശകൾ സർക്കാർ നടപ്പാക്കിയില്ലെന്ന് വി.മുരളീധരൻ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.യെമനിലേക്ക് പോകുന്നത് നിരോധിച്ചത് മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെയും എല്ലാ പൊലീസ് ഓഫീസർമാരെയും അറിയിക്കുക, റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ നടപടിയെടുക്കുക,പാസ്പോർട്ട് കണ്ടുകെട്ടാൻ കേസെടുത്ത് കേന്ദ്ര വിദേശകാര്യ വകുപ്പിന് കൈമാറുക തുടങ്ങിയ ശുപാർശകൾ നടപ്പാക്കിയില്ല.
കാസർകോട്ട് മണൽകടത്തിന്റെ മറവിൽ ആയുധവും മയക്കുമരുന്നും കടത്തുന്നുവെന്ന് സംശയിക്കുന്നതായും 36 പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജൂലായിൽ നാർക്കോട്ടിക് സെൽ നൽകിയ റിപ്പോർട്ടും ഫയലിൽ ഇരിക്കുകയാണ്. സർക്കാരിന്റെ ഗുരുതര കൃത്യവിലോപം സംസ്ഥാനത്തെ ഭീകരതയുടെ കേന്ദ്രമാക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള,വി.മുരളീധരൻ എം.പി, ജെ. ആർ. പത്മകുമാർ, ഡോ. പി. പി. വാവ, എസ്. സുരേഷ്, സി.ശിവൻകുട്ടി, പി.സുധീർ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാവിലെ രാജ് ഭവനിൽ എത്തിയാണ് നിവേദനം നൽകിയത്.