കാട്ടാക്കട: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂളുകൾ മികച്ച വിജയം നേടി. 31 എ പ്ലസോടെ 95 ശതമാനം വിജയം നേടി കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇക്കുറിയും ഗ്രാമീണ മേഖലയിൽ വിജയ ശതമാനത്തിൽ മുന്നിലെത്തി. സയൻസ്, കോമേഴ്സ് വിഷയങ്ങളിലായി 181 പേർ പരീക്ഷയെഴുതിയതിൽ 172 പേർ വിജയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി കാട്ടാക്കട സബ് ജില്ലയിൽ പ്ലസ്ടുവിന് ഏറ്റവും മികച്ച വിജയശതമാനം നേടുന്ന സ്കൂളാണിത്. 1200 ൽ 1192 മാർക്ക് വീതം നേടി കാട്ടാക്കട പി.ആർ.വില്യം സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളായ ഹിമയും ദീപികയും ഒന്നാമതെത്തി. ആകെ 129 കുട്ടികൾ പരീക്ഷ എഴുതിയതിൽ സയൻസ് 11, ഹ്യുമാനിറ്റീസ് 7 എന്നിങ്ങനെ 18 എ പ്ലസ് നേട്ടത്തോടെ 93 ശതമാനം വിജയം കൈവരിച്ചു.
പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് 126 പേർ പരീക്ഷയെഴുതിയതിൽ 97 പേർ വിജയികളായി. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 90 ശതമാനം വിജയം നേടി. 60പേർ പരീക്ഷയെഴുതിയതിൽ 54 പേർ വിജയികളായി.
വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് 83.3 ശതമാനം വിജയം. 9 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 326 പേർ പരീക്ഷയെഴുതിയതിൽ 289 പേർ വിജയികളായി. ബയോളജി സയൻസിന് 98.5 ശതമാനവും, കമ്പ്യൂട്ടർ സയൻസിന് 75.38 ശതമാനവും, കോമേഴ്സിന് 93.7ശതമാനവും, ഹ്യൂമാനിറ്റിസിന്(ഹിസ്റ്ററി)86.8ശതമാനും,ഹ്യൂമാനിറ്റിസ്(ജേർണലിസത്തിന്) 86.4ശതമാനവുമാണ് വിജയം.
കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് 81 ശതമാനം വിജയം.115പേർ പരീക്ഷയെഴുതിയതിൽ 93 പേർ വിജയിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 82 ശതമാനമാണ് വിജയം. 88 പേർ പരീക്ഷയെഴുതിയതിൽ 72 പേർ വിജയികളായി.
ആര്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ 87 ശതമാനം വിജയം.193 പേർ പരീക്ഷയെഴുതിയതിൽ 168 പേർ വിജയിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 95 ശതമാനമാണ് വിജയം. 61 പേർ പരീക്ഷയെഴുതിയതിൽ 58 പേർ വിജയികളായി. വീരണകാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 95 ശതമാനം വിജയം നേടി.