nta-kulam

നെയ്യാറ്റിൻകര: ടൗണിലെയും സമീപ പഞ്ചായത്തുകളിലെയും കുളം നവീകരണത്തിന്റെ മറവിൽ തട്ടിപ്പും ഖനനവും നടക്കുന്നതായി പരാതി. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ നടത്തുന്ന ക്രമക്കേടും, കരാറുകാരുടെ മറവിൽ കുളത്തിൽ നിന്ന് കോരിയെടുക്കുന്ന കളിമണ്ണ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ കടത്തുന്നതും വിവാദമായിരിക്കുകയാണ് . ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് ആക്ഷേപം.നേരത്തേ മൈനർ ഇറിഗേഷൻ വകുപ്പിനായിരുന്നു കുളങ്ങളുടെ അവകാശവും സംരക്ഷണവും. പിന്നീടത് തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി. കുളത്തിൽ നിന്ന് ചെളിയും മണ്ണും കോരി മാറ്റി സംരക്ഷണ ഭിത്തി പുതുക്കിപ്പണിയുന്നതിനാണ് കരാർ നൽകുന്നത്. എന്നാൽ കുളത്തിൽ നിന്ന് ആഴത്തിൽ കളിമൺ വെട്ടിയെടുക്കുന്നതായാണ് പരാതി. കരാറിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ പതിന്മടങ്ങ് ചെളി കടത്തലിലൂടെ നേടുന്നുവത്രെ. ഭൂ മാഫിയയാണ് ഇതിനു പിന്നിൽ. തദ്ദേശഭരണ സ്ഥാപനങ്ങളിലെ മരാമത്ത് വിഭാഗം നവീകരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി പണി ബിനാമി കരാറുകാർക്ക് നൽകിയാണത്രെ വെട്ടിപ്പ് . സ്ഥിരമായി താലൂക്കിലെ കുളം പണികളുടെ കരാറെടുത്ത് കളിമൺ കടത്തുന്നുവെന്ന് ആരോപണമുള്ള കോൺട്രാക്ടർ ടൗണിലെ കുളങ്ങളുടെ നവീകരണ പണികളും ഏറ്റെടുത്തതോടെയാണ് വിവാദം ഉയർന്നിരിക്കുന്നത്. നഗരത്തിൽ പള്ളിവിളാകം വാർഡിലെ വെമ്പനിക്കുളം, ഇളവനിക്കര വാർഡിലെ കുളം, കുളത്താമൽ വാർഡിലെ വടകോട്ടിൻകുളം, നാരായണപുരം വാർഡിലെ തട്ടാരക്കോണംകുളം മണലൂർ വാർഡിലെ കരിയറത്തലകുളം എന്നിവ നവീകരിക്കാനുള്ള നീക്കവും ഇതോടെ വിവാദമായി.