1

പൂവാർ: 'എന്റെ കട്ടമരം കിട്ടാൻ ഞാനിനി എന്തു ചെയ്യണമെന്നാണ് ക്ലിമാൻസ് ചോദിക്കുന്നത്. ആശിച്ച് വില കൊടുത്തു വാങ്ങിയ കട്ടമരവുമായി പുത്തൻതോപ്പിൽ നിന്നും പൂവാറി ലോയ് തിരിച്ച മത്സ്യതൊഴിലാളിയെ സംശയത്തിന്റെ പേരിൽ വിഴിഞ്ഞം കോസ്റ്റ് ഗാർഡുകൾ പിടികൂടിയതാണ് ക്ലിമാൻസിന് വിനയായത്. വി.എസ്.എസ്.സി യുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ കാമറയിൽ കടലിൽ കണ്ട അജ്ഞാത വസ്തുവിനെ കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പൂവാർ, വരവിളതോപ്പ്, എരിക്കൽ വിള വീട്ടിൽ ക്ലിമൻസ് (72)നെ പിടികൂടി കരയിൽ എത്തിച്ചത്. എന്നാൽ ചോദ്യംചെയ്യലിൽ ദാരിദ്രവും വിശപ്പുമാണ് ക്ലിമൻസിനെ കടലിലൽ ഇറക്കിയതെന്ന് ബോധ്യമായതോടെ ഭക്ഷണവും വസ്ത്രവും നൽകി ഉദ്യോഗസ്ഥർ തിരിച്ചയച്ചു.

എന്നാൽ തിരിച്ചെത്തിയ ക്ലിമൻസ് ദു:ഖിതനാണ്. തന്റെ കട്ടമരം ഇതുവരെയും വിട്ടുകിട്ടിയിട്ടില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് മൂത്ത മകളുടെ വീട് സന്ദർശിക്കുന്നതിനിടയിൽ 1000 രൂപയ്ക്കാണ് കട്ടമരം വിലയ്ക്ക് വാങ്ങിയത്. എന്നാൽ 5000 രൂപ ലോറി വാടക നൽകി അത് പൂവാറിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ

ഇത്രയും നാൾ കട്ടമരം മകളുടെ വീടിന് സമീപത്തായി സൂക്ഷിച്ചു. എന്നാൽ പട്ടിണിയും ദാരിദ്രവും പിടിമുറുക്കയതോടെ പ്രായവും ആരോഗ്യവും മറന്ന് തന്നെ ഇത്രനാളും പോറ്റിയ കടലിൽ കട്ടമരവുമായി തുഴഞ്ഞ് പൂവാർ തീരത്തെത്താൻ ശ്രമിച്ചത്. സർക്കാരിൽ നിന്നുള്ള പെൻഷൻമാത്രമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക വരുമാന മാർഗ്ഗം. വൃദ്ധയും രോഗിയുമായ മേരിയാണ് ക്ലിമാൻഡിന്റെ ഭാര്യ. ഈ വൃദ്ധ ദമ്പതികൾ മാത്രമാണ് ജീർണ്ണിച്ച വീടിനുള്ളിൽ പട്ടിണിയോടെ കഴിയുന്നത്. ശക്തമായി കാറ്റ് വീശുകയോ ആർത്തലച്ച് മഴ പെയ്യുകയോ ചെയ്താൽ ഈ വീട് നിലംപൊത്തും. നാല് മക്കളുണ്ടെങ്കിലും നാലുഭാഗത്തായതോടെ ഇവർ തനിച്ചാവുകയായിരുന്നു. കടലിൽ പണിക്ക് പോകാൻ കഴിയാത്തതിനാൽ പൂവാറിലെ പൊഴിയ്ക്ക് സമീപം ചെറുവലയിൽ കുടുങ്ങുന്ന മീൻ പിടിച്ച് വിറ്റാണ് നിത്യവൃത്തി കഴിക്കുന്നത്. പട്ടിണി മാറ്റാൻ, കാലാവസ്ഥ ശാന്തമാകുമ്പോൾ കട്ടമരത്തിൽ കയറി കടലിൽ പോകണമെന്നാണ് പ്രതീക്ഷ. അതിനായി കൊണ്ടുവന്ന കട്ടമരമാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിലിരിക്കുന്നത്. ഉദ്യോഗസ്ഥർ ഇത് വിട്ട് നൽകാൻ തയാറാണെങ്കിലും പൂവാറിലേക്ക് ഇത് എത്തിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ മരം ഇപ്പോഴും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ തന്നെ. ഇതിനോടകം രണ്ട് നാൾ വിഴിഞ്ഞത്തെത്തി കട്ടമരം കണ്ടു മടങ്ങി. സുമനസുകൾ ആരെങ്കിലും ഈ വൃദ്ധന്റെ കട്ടമരം പൂവാറിലെത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.