തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷ വിജയത്തിൽ നേരിയ വ്യത്യാസത്തിലാണെങ്കിലും കണ്ണൂരിനെ മറികടന്ന് ഇക്കുറി കോഴിക്കോട് ഒന്നാമതെത്തി. 36856 പേർ പരീക്ഷയെഴുതിയതിൽ 32228 പേർ ഉപരിപഠയോഗ്യത നേടി. 87.44 ശതമാനമാണ് കോഴിക്കോടിന്റെ വിജയം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ മികവും കോഴിക്കോട് സ്വന്തമാക്കി. കഴിഞ്ഞ വർഷം 86.18 ശതമാനമായിരുന്നു. പരീക്ഷയ്ക്കിരുന്ന 29539 പേരിൽ 25737 പേരും ഉപരിപഠനയോഗ്യത നേടിയ കണ്ണൂരാണ് രണ്ടാമത്, 87.13 ശതമാനം. 87.22 ശതമാനമായിരുന്നു കഴിഞ്ഞവർഷം കണ്ണൂരിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 54884 പേർ പരീക്ഷയെഴുതിയതിൽ 47664 പേർ ഉപരിപഠനയോഗ്യത നേടിയ മലപ്പുറമാണ് വിജയത്തിൽ മൂന്നാം സ്ഥാനത്ത്. 86.84 ആണ് വിജയശതമാനം.
മുൻവർഷങ്ങളെപ്പോലെ ഇക്കുറിയും ഏറ്റവും പിന്നിലാണ് പത്തനംതിട്ട. 12572 പേർ പരീക്ഷയെഴുതിയതിൽ 9806 പേർ മാത്രമാണ് ഇവിടെ വിജയിച്ചത്. 78 ആണ് വിജയശതമാനം. അതേസമയം വിജയശതമാനം ഉയർന്നിട്ടുണ്ട്. 2018ൽ 77.16 ശതമാനവും 2017 ൽ 77.65 ശതമാനവുമായിരുന്നു പത്തനംതിട്ടയുടെ പ്രകടനം. കാസർകോട് (78.60) ആണ് 80ൽ താഴെ വിജയശമാനമുളള മറ്റൊരു ജില്ല.