abhaya

തിരുവനന്തപുരം: ഹെെക്കോടതി ഉത്തരവ് വിചാരണ കോടതിയുടെ മുൻപിൽ ഹാജരാക്കാത്ത സി.ബി.എെയുടെ വീഴ്ചമൂലം സിസ്റ്റർ അഭയക്കേസിന്റെ വിചാരണ മാറ്റിവച്ചു. പ്രത്യേക സി.ബി.എെ കോടതിയാണ് കേസ് മാറ്റിവച്ചത്. നേരത്തേ പ്രതിയായിരുന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ക്രെെം ബ്രാഞ്ച് എസ്.പിയുമായിരുന്ന കെ.ടി.മെെക്കിൾ, സി.ബി.എെ എന്നിവരുടെ ഹർജി ഹെെക്കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ ഹെെക്കോടതി കേസ് വിചാരണ താത്കാലികമായി തടഞ്ഞ് വച്ചിരുന്നു. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ പ്രത്യേക സി.ബി.എെ കോടതി നടപടിയ്ക്കെതിരെയാണ് സി.ബി.എെ ഹെെക്കോടതിയെ സമീപിച്ചിരുന്നത്. പ്രത്യേക സി.ബി.എെ കോടതി പ്രതിയാക്കിയ കെ.ടി.മെെക്കിൾ അതിനെതിരെയാണ് ഹെെക്കോടതിയെ സമീപിച്ചിരുന്നത്. ഇരു ഹർജികളിലും ഹെെക്കോടതി തീർപ്പ് കൽപ്പിച്ചിരുന്നു. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവച്ച ഹെെക്കോടതി കെ.ടി മെെക്കിളിനെയും കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവ് കൃത്യ സമയത്ത് വിചാരണകോടതിയിൽ ഹാജരാക്കുന്നതിലാണ് സി.ബി.എെയ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചത്.

27 വർഷമായിട്ടും നീതി കിട്ടാത്ത സിസ്റ്റർ അഭയയുടെ കുടുംബം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിചാരണയാണ് സി.ബി.എെയുടെ വീഴ്ചമൂലം മാറ്റിവയ്ക്കപ്പെട്ടത്.

ക്രെെം ബ്രാഞ്ച് എസ്.പി കെ.ടി മെെക്കിളും ഫാദർ ജോസ് പൂതൃക്കയിലും കുറ്റവിമുക്തരായതോടുകൂടി ഫാദർ തോമസ്.എം.കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ നിലവിലെ പ്രതികൾ. കേസ് വീണ്ടും ജൂൺ 10 ന് പരിഗണിയ്ക്കും.