മലയിൻകീഴ്: വിധി ശാരീരികമായി തളർത്തിയിട്ടും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ചിറ്റിയൂർക്കോട് സ്വദേശി ഹരികൃഷ്ണൻ നാടിന്റെ അഭിമാനമായി. ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരെണ്ണത്തിന് എ യുമാണ് ഈ മിടുക്കൻ നേടിയെടുത്തത്. 11 വയസുള്ളപ്പോഴാണ് ഹരികൃഷ്ണന്റെ അരയ്ക്ക് താഴെ തളർന്നത്. കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ച് വീട്ടിലെത്തിയ ഹരികൃഷ്ണൻ ശരീരവേദനയെ തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ട്രാൻസ്‍വേർസ് മൈലൈറ്റിസ് എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. മെഡിക്കൽ കോളേജ് ആശുപത്രി, ശ്രീചിത്ര എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം വെല്ലൂർ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ തുടരുന്നത്. പുന്നമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 7-ാം ക്ലാസിൽ ചേർന്നെങ്കിലും ചികിത്സയുടെ ഭാഗമായി 8, 9 ക്ലാസുകളിൽ സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പഠനം ആശുപത്രിയിലും വീട്ടിലുമായിട്ടായിരുന്നു. വിദേശത്തായിരുന്ന ഹരികൃഷ്ണന്റെ പിതാവ് ഹേമചന്ദ്രൻനായർ മകന്റെ ചികിത്സയ്ക്കായി ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. പത്താം ക്ലാസിലെത്തിയപ്പോൾ മകനെ സ്കൂളിൽ കൊണ്ട് പോകുന്നത് ഉൾപ്പെടെ എല്ലാകാര്യങ്ങളും ഹേമചന്ദ്രൻനായരാണ് ചെയ്തിരുന്നത്. എപ്പോഴും ഒരാളിന്റെ സഹായം ഹരികൃഷ്ണന് വേണം. വെള്ളായണി ഊക്കോടായിരുന്നു ഹരികൃഷ്ണന്റെ കുടുംബം താമസിച്ചിരുന്നത്. ചികിത്സയെ തുടർന്ന് സാമ്പത്തിക ബാദ്ധ്യതയുണ്ടായപ്പോഴണ് അവിടത്തെ വീടും സ്ഥലവും വിറ്റ് മലയിൻകീഴ് ചിറ്റിയൂർക്കോട് താമസമാക്കിയത്. സുമയാണ് ഹരികൃഷ്ണന്റെ മാതാവ്. സഹോദരി ദേവിക ഡിഗ്രിയ്ക്ക് പഠിക്കുന്നു. ഫിസികിസിനും എ പ്ലസ് ലഭിക്കുമെന്നാണ് പ്രതിക്ഷിച്ചിരുന്നതെന്നതിനാൽ റീവാല്യുവേഷന് അപേക്ഷ നൽകാനും കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഹയർ സ്റ്റഡീസിന് ചേരാനുമാണ് ഹരികൃഷ്ണന്റെ ആഗ്രഹം.