ഉഴമലയ്ക്കൽ: ഹയർസെക്കൻഡറി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ജില്ലയിൽ തന്നെ ഒന്നാമതായി ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ സ്കൂളിലെ നൂറുമേനി വിജയം മറ്റുള്ളവർക്കും മാതൃകയായി. പൊതുമേഖലയിലെയും അൺ എയിഡഡ് മേഖലയിലെയും സ്കൂളുകളെ പിന്നിലാക്കിയാണ് ഉഴമലയ്ക്കൽ സ്കൂളിന്റെ ചരിത്ര വിജയം. പരീക്ഷ എഴുതിയ 179 കുട്ടികളും വിജയിച്ചു. 16 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ മൂന്ന് പേർക്ക് അഞ്ച് എ പ്ലസ് ലഭിച്ചു. ട്യൂഷൻ സൗകര്യം ലഭിക്കാത്തതിനാൽ സ്കൂളിലെ അദ്ധ്യാപകർ തന്നെ അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചാണ് കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയത്. സ്കൂൾ മാനേജ്മെന്റായ എസ്.എൻ.ഡി.പി.യോഗം ഉഴമലയ്ക്കൽ ശാഖയും, പി.ടി.എയും അദ്ധ്യാപകരും നടത്തിയ അശ്രാന്ത പരിശ്രമമാണ് നൂറുശതമാനം വിജയത്തിന്റെ പിന്നിലെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ് പറയുന്നു. നൂറുശതമാനം വിജയം ആഘോഷിക്കാൻ അദ്ധ്യാപകരും കുട്ടികളും സ്കൂളിൽ ഒത്തുചേർന്നു. സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്, എസ്.എസ്.ൻ.ഡി.പി.യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി വിദ്യാധരൻ തുടങ്ങിയവർ സ്കൂളിലെത്തി എ പ്ലസുകാരേയും വിജയികളേയും അനുമോദിച്ചു.