തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ തലസ്ഥാന ജില്ലയ്ക്ക് മികച്ച വിജയം. 176 സ്‌കൂളുകളിൽ നിന്നായി 33,133 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ പരീക്ഷയെഴുതിയ 32,774 വിദ്യാർത്ഥികളിൽ 27,204 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 83 ശതമാനമാണ് ജില്ലയിലെ വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയത്തിൽ 1.09 ശതമാനത്തിന്റെ വർദ്ധനയുമുണ്ട്. 2016ൽ 75.40 ഉം 2017ൽ 83.24ഉം 2018 ൽ 81.91ഉം ആയിരുന്നു ജില്ലയുടെ വിജയശതമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇക്കുറി കുറവുണ്ട്. 1196 പേരാണ് ഇക്കുറി സമ്പൂർണ എ പ്ലസ് നേടിയത്. 2019ൽ 1275ഉം 2018ൽ 1235ഉം പേർക്ക് ഈ മികവുണ്ടായിരുന്നു. ജില്ലയിൽ കൂടുതൽ എ പ്ലസ് നേടിയത് വഴുതക്കാട് കാർമൽ സ്‌കൂളാണ്, 90 പേർ. ഈ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾ 1200ൽ 1200ഉം സ്വന്തമാക്കി. ഇതടക്കം 15 വിദ്യാർത്ഥികളാണ് തലസ്ഥാന ജില്ലയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 12 പേർക്കാണ് ഈ മികവുണ്ടായിരുന്നത്. ഈ വർഷം ജില്ലയിലെ ഒമ്പത് സ്‌കൂളുകൾ 100 ശതമാനം വിജയം സ്വന്തമാക്കി. സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ചത് വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ ആണ്. 593 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്നതിൽ 526 പേരും ഉപരിപഠനയോഗ്യത നേടി, 88.70 ശതമാനം. എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്‌കൂൾ എന്ന നേട്ടം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി. 94.91 ശതമാനം വിദ്യാർത്ഥികളെ സെന്റ് മേരീസ് സ്‌കൂൾ ഉന്നതപഠനത്തിന് യോഗ്യരാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ വിദ്യാലയവും പട്ടം സെന്റ് മേരീസാണ്, 802 പേർ. തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി പരീക്ഷ (വി.എച്ച്.എസ്.ഇ) യിൽ 83 ശതമാനമാണ് ജില്ലയുടെ വിജയം. തൊഴിലധിഷ്ഠിത ഹയർസെക്കൻഡറിയിൽ പാർട്ട് ഒന്നിലും രണ്ടിലും 87.44 ശതമാനവും പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലും 82.64 ശതമാനവും വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 3082 വിദ്യാർത്ഥികളിൽ പാർട്ട് ഒന്നിനും രണ്ടിനും 2695 പേരും പാർട്ട് ഒന്നിനും രണ്ടിനും മൂന്നിനും 2547 പേരും വിജയിച്ചു. കഴിഞ്ഞ വർഷം പാർട്ട് ഒന്നിനും രണ്ടിനും 90.37 ശതമാനവും പാർട്ട് ഒന്നിനും രണ്ടിനും മൂന്നിനും 82.12 ശതമാനവുമായിരുന്നു വിജയം. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 90 വിദ്യാർത്ഥികളിൽ 37 പേർ വിജയിച്ചു, 41.11 ശതമാനം. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ ആർക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടില്ല. 2820 വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു. പരീക്ഷയെഴുതിയ 2707 വിദ്യാർത്ഥികളിൽ 1133 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 41.85 ആണ് വിജയ ശതമാനം.