തിരുവനന്തപുരം:വ്യവസായ ഗ്രൂപ്പിന്റെ അധീനതയിലുള്ള എറണാകുളം കുന്നത്തുനാടിലെ 15 ഏക്കർ നിലം നികത്താൻ അനുമതി നൽകിയ റവന്യൂ അഡിഷണൽ സെക്രട്ടറിയുടെ ഉത്തരവ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഇടപെട്ട് മരവിപ്പിച്ചു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഉത്തരവ് പൂർണ്ണമായി റദ്ദാക്കുന്നത് സംബന്ധിച്ച് അഡിഷണൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനും റവന്യു വകുപ്പ് തീരുമാനിച്ചു.
നെൽവയൽ - തണ്ണീർത്തട നിയമമനുസരിച്ചുള്ള കളക്ടറുടെ ഉത്തരവ് മറികടന്ന് ഉത്തരവിറക്കാൻ അഡിഷണൽ സെക്രട്ടറിയുടെ അധികാരത്തെ കുറിച്ചും അന്വേഷിക്കും. ഇതിൽ കോടതികളിലുള്ള കേസുകളും വിധി ന്യായങ്ങളും പരിശോധിക്കാനും തീരുമാനമായി.
2005ലാണ് സിന്തറ്റിക് പ്രോപ്പർട്ടീസ് ലിമിറ്റഡ് കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ വയൽ നികത്താൻ അനുമതിക്ക് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്. കളക്ടർ അപേക്ഷ തള്ളി. തുടർന്ന് 2006 ൽ ലാൻഡ് റവന്യൂ കമ്മിഷണറിൽ നിന്ന് അനുകൂല ഉത്തരവ് കമ്പനി നേടി. 2008 ൽ നെയൽ വയൽ സംരക്ഷണ നിയമം വന്നതോടെ കമ്പനി നികത്താതെ അവശേഷിപ്പിച്ച ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടു. ഈ ഭൂമി നികത്താൻ അനുമതിക്കായി കമ്പനി വീണ്ടും നൽകിയ അപേക്ഷയും കളക്ടർ നിരസിച്ചു. തുടർന്ന് കമ്പനി നൽകിയ അപ്പീലിലാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന പി എച്ച് കുര്യൻ സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുമ്പ് അനുമതി നൽകിയത്. ഇതുപ്രകാരമാണ് റവന്യൂ അഡിഷണൽ സെക്രട്ടറി ജനുവരി 31ന് വിവാദ ഉത്തരവിറക്കിയത്.