medical-education

തിരുവനന്തപുരം: മക്കളെ ഉന്നത നിലയിലുള്ള ഡോക്ടർമാരാക്കൻ മാതാപിതാക്കൾ ഓടിനടക്കുന്ന കേരളത്തിൽ, മൂന്ന് അലോട്ട്മെന്റ്‌ നടത്തിയിട്ടും 206 മെഡിക്കൽ പി.ജി സീറ്റുകൾ ആർക്കും വേണ്ടാതെ ഒഴിഞ്ഞുകിടക്കുന്നു. സർക്കാർ മെഡിക്കൽകോളേജുകളിലെ 24,000 രൂപ വാർഷിക ഫീസുള്ള സീറ്റുകളും സ്വാശ്രയത്തിലെ 14 ലക്ഷത്തിന്റെ സീറ്റുകളും ഒരുപോലെ ഒഴിഞ്ഞുകിടക്കുകയാണ്. അനാട്ടമി, കമ്മ്യൂണിറ്റി മെഡിസിൻ, എമർജൻസി മെഡിസിൻ, ഒഫ്താൽമോളജി, മൈക്രോബയോളജി, അനസ്തീഷ്യ, പത്തോളജി, റേഡിയോതെറാപ്പി, ഫാർമക്കോളജി, ഫോറൻസിക് മെഡിസിൻ, ബയോകെമിസ്ട്രി, ഫിസിയോളജി, ഡെർമറ്റോളജി, സൈക്യാട്രി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നിവയിലാണ് സീറ്റൊഴിവ്. സീറ്റുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ യോഗ്യതാപരീക്ഷയായ നീറ്റ് സ്കോറിൽ 6 ശതമാനം കുറവു വരുത്തി. അതിൻ പ്രകാരം ഇന്നുമുതൽ ഓൺലൈനായി പുതുതായി അപേക്ഷിക്കാം.

ക്ലിനിക്കൽ വിഷയങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നെങ്കിലും നോൺക്ലിനിക്കൽ, ഡിപ്ലോമ സീറ്റുകൾക്ക് ആളുണ്ടായില്ല. 1500 വിദ്യാർത്ഥികൾക്കായി ഒമ്പത് മണിക്കൂറിലേറെ മോപ്അപ് കൗൺസലിംഗ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 38,​ ആലപ്പുഴ മെഡിക്കൽകോളേജിൽ 9, എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 3, കോഴിക്കോട് മെഡിക്കൽ കോളേജിൽ 36, പരിയാരത്ത് 17, കോട്ടയം മെഡിക്കൽ കോളേജിൽ 13, തൃശൂരിൽ 12, തിരുവനന്തപുരം ആർ.സി.സിയിൽ 3 ‌വീതം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്വാശ്രയ കോളേജുകളായ തൃശൂർ അമലയിൽ 6, കൊല്ലം അസീസിയയിൽ 5, പെരിന്തൽമണ്ണ എം.ഇ.എസിൽ 17, ഗോകുലത്തിൽ 12, തൃശൂർ ജൂബിലിയിൽ 3, കോഴിക്കോട് കെ.എം.സി.ടിയിൽ 2, കോലഞ്ചേരിയിൽ 3, തിരുവല്ല പുഷ്പഗിരിയിൽ 17, എറണാകുളം ശ്രീനാരായണയിൽ 2, കാരക്കോണം സി.എസ്.ഐയിൽ 7, കൊല്ലം ട്രാവൻകൂറിൽ 1 എന്നിങ്ങനെയാണ് സീറ്റൊഴിവ്. ഏറെ ഡിമാൻഡുള്ള ജനറൽ മെഡിസിൻ സീറ്റാണ് ട്രാവൻകൂറിൽ മുസ്ലിം മൈനോറിട്ടി വിഭാഗത്തിൽ ഒഴിവുള്ളത്.

മികച്ച റാങ്കുള്ള വിദ്യാർത്ഥികൾ ക്ലിനിക്കൽ വിഷയങ്ങൾ മാത്രം ആവശ്യപ്പെടുന്നതിനാലാണ് സീറ്റുകൾ കാലിയാവുന്നത്. ആദ്യ അലോട്ട്മെന്റിനുശേഷം അഖിലേന്ത്യാ ക്വോട്ടയിൽ നിന്ന് തിരികെക്കിട്ടിയ സീറ്റുകൾ പോലും രണ്ടാം അലോട്ട്മെന്റിൽ നികത്താനായില്ല. എട്ടരലക്ഷം ഫീസുള്ള സ്വാശ്രയകോളേജുകളിലെ ഡിപ്ലോമ കോഴ്സുകളിലും സീറ്റുകൾ കാലിയാണ്. മുൻകാലങ്ങളിൽ ഡിമാൻഡുണ്ടായിരുന്ന അനസ്തീഷ്യ കോഴ്സിന് ഇത്തവണ ആവശ്യക്കാർ കുറവ്. അതേസമയം 35 ലക്ഷം ഫീസുള്ള പി.ജി എൻ.ആർ.ഐ ക്വോട്ട സീറ്റുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഡെന്റൽ പി.ജിയുടെ 28 എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ ആവശ്യക്കാരില്ലാത്തതിനാൽ മെരിറ്റിലേക്ക് മാറ്റേണ്ടിവന്നു.

കൂടുൽ ഡിമാൻഡുള്ളത്

1.ഗൈനക്കോളജി

2.പീഡിയാട്രിക്സ്

3.ജനറൽ മെഡിസിൻ

4.ജനറൽ സർജറി