തിരുവനന്തപുരം: നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രാജസ്ഥാൻ സ്വദേശിയായ യുവതിയെ ചൈൽഡ് ലൈൻ പ്രവർത്തകർ പിടികൂടി. ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചുകുട്ടികളെയും ചൈൽഡ് ലൈൻ ഏറ്റെടുത്തു. രാജസ്ഥാൻ സ്വദേശികളായ 12 വയസുകാരി ഉൾപ്പെടെയുള്ള കുട്ടികളെയാണ് ചൈൽഡ് ലൈൻ റെസ്‌ക്യൂ വിഭാഗം ഏറ്റെടുത്തത്. 25 വയസുള്ള രാജസ്ഥാൻ സ്വദേശിനിയാണ് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്നത്. പേട്ടയിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ പേട്ട ജംഗ്ഷനിലെ കനറാ ബാങ്കിന് മുൻവശത്ത് അഞ്ചു കുട്ടികളുമായി യുവതി ഭിക്ഷാടനം നടത്തുന്ന വിവരം ഒരാൾ ഫോൺ വഴി അറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് ലൈൻ റെസ്‌ക്യൂ സംഘമെത്തിയത്. എട്ടുമാസം പ്രായമുള്ള കുട്ടിക്ക് പുറമെ അഞ്ചുവയസിന് താഴെയുള്ള മൂന്ന് കുട്ടികളും പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുമാണ് യുവതിയോടൊപ്പം ഉണ്ടായിരുന്നത്. ഇതിൽ മൂന്നു വയസുള്ള ഒരു പെൺകുട്ടിയുടെ മുടിവെട്ടിയൊതുക്കി ആൺകുട്ടിയുടെ രൂപമാക്കി മാറ്റിയിരുന്നു. അഞ്ചുപേരും തന്റെ കുട്ടികളാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ ചോദ്യം ചെയ്യലിൽ കുട്ടികളിൽ രണ്ടുപേർ യുവതിയുടെ മക്കളും മറ്റു മൂന്ന് പേർ ബന്ധുക്കളുടെ മക്കളുമാണെന്ന് ഇവർ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുടെ അമ്മ മരണപ്പെട്ടതാണ്. ഇവരിൽ നിന്നും ഭിക്ഷാടനം നടത്തി കിട്ടിയ 254 രൂപയും പിടിച്ചെടുത്തു. കുറച്ചുനാളായി ഇവർ പേട്ട മേഖലയിൽ ഭിക്ഷാടനം നടത്തിവരികയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയ കുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണെന്നും യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു.