തിരുവനന്തുപുരം: ഇനി ദാഹിക്കുമ്പോൾ ഒരു കുപ്പി വെള്ളം വാങ്ങി കുടിക്കണമെങ്കിൽ അടുത്തുള്ള റേഷൻ കടയിലേക്കു പോയാൽ മതി. പതിനൊന്നു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ വെള്ളം കിട്ടും. മറ്റ് കടകളിൽ നിന്നും വാങ്ങുന്ന വെള്ളത്തേക്കാൾ ലിറ്ററിന് ഒൻപതു രൂപ കുറവ്. ഇന്നലെ ചേർന്ന ഭക്ഷ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
സപ്ളൈകോയാണ് വെള്ളം റേഷൻ കടകളിൽ എത്തിക്കുക. ഇപ്പോൾ തിരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമായി സപ്ലൈകോ കുപ്പിവെള്ളം 11 രൂപയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. അത് വൻ വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റേഷൻ കടകളിലൂടെയും കുപ്പിവെള്ള വിതരണം വിപുലപ്പെടുത്തുന്നത്. റേഷൻ കടയുടമകളുടെ സംഘനാ പ്രതിനിധികളുമായി ചർച്ച ചെയ്ത ശേഷമായിക്കും വിതരണം എന്നു തുടങ്ങുമെന്ന് തീരുമാനിക്കുക.
ഏപ്രിൽ ആദ്യവാരമാണ് സപ്ലൈകോ വഴി കുപ്പിവെള്ള വിതരണം ആരംഭിച്ചത്. വയനാട്, കാസർകോട് ഒഴികെ മറ്റ് ജില്ലകളിൽ കുപ്പിവെള്ളം വിതരണം പുരോഗമിക്കുന്നു. ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ് വില്പന നടത്തിയത്.