. രണ്ടാം പാദ സെമിയിൽ 4- 0ത്തിന് ബാഴ്സലോണയെ അട്ടിമറിച്ച് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ
. ലിവർപൂളിന്റെ ഫൈനൽ പ്രവേശം ആദ്യപാദ
സെമിയിൽ 0-3ന് തോറ്റശേഷം
. ഡിക്ക് ഒറിജിക്കും വിയനൽ ഡമിനും ഇരട്ട ഗോളുകൾ,
ലിവർപൂൾ ഫൈനലിലെത്തുന്നത് തുടർച്ചയായ രണ്ടാംതവണ
യുവേഫ ചാമ്പ്യൻസ് ലീഗിലെ മഹാത്‌ഭുതത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു കഴിഞ്ഞ രാത്രി ലിവർപൂൾ നഗരത്തിലെ ആൻ ഫീൽഡ് സ്റ്റേഡിയം. ആദ്യപാദ സെമിയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്ന ഒരു ടീം രണ്ടാംപാദത്തിൽ 4-0 ത്തിന്റെ വിജയം നേടി ഫൈനലിലെത്തുകയെന്ന അത്‌ഭുതം ലിവർപൂൾ ബാഴ്സലോണയ്ക്കെതിരെ കാഴ്ചവയ്ക്കുമ്പോൾ അവരുടെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലായും റോബർട്ടോ ഫിർമിനോയും പരിക്കേറ്റ് ഗാലറിയിലിരിക്കുകയായിരുന്നു. മത്സരത്തിന് മുമ്പ് ലിവർപൂൾ താരങ്ങളോ പരിശീലകൻ യൂർഗൻ ക്ളോപോ ആരാധകരോ ഇത്തരത്തിലൊരു വിസ്മയ വിജയം സ്വപ്നം കണ്ടിരുന്നുകൂടിയില്ലായിരിക്കാം. പക്ഷേ കാൽപ്പന്തുകളിയുടെ അപ്രവചനീയതയുടെ ആലങ്കാരിക സൗന്ദര്യം മുഴുവൻ വാരിച്ചൊരിഞ്ഞ് ആൻഫീൽഡിൽ ഡിവോക്ക് ഒറിജിയും വിയനാൽഡമും ചേർന്ന് ചരിത്രം രചിച്ചു.
ഏഴാം മിനിട്ടിൽ ഒറിജിയിലൂടെയായിരുന്നു ലിവർപൂളിന്റെ ആദ്യഗോൾ ആദ്യപകുതിയിൽ പിന്നെ ഗോളുകളില്ല. ബാഴ്സലോണയുടെ കുന്ത മുനയായ ലയണൽ മെസിയെ ലിവർപൂൾ പ്രതിരോധം വരിഞ്ഞുമുറുക്കിയിട്ടു. മുൻ ലിവർപൂൾ താരം കൂടിയായ ലൂയിസ് സുവാരേസിനും പന്തുകിട്ടാത്ത അവസ്ഥ. രണ്ടാം പകുതിയിൽ തിരിച്ചടിക്കാമെന്ന് കരുതിയിറങ്ങിയ ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ട് രണ്ട് മിനിട്ടിനിടയിൽ രണ്ട് ഗോളുകൾ 54-ാം മിനിട്ടിലും 56-ാം മിനിട്ടിലും നേടി വിയനാൽ ഡം 3-0 ത്തിന് ലിവർപൂളിനെ മുന്നിലെത്തിക്കുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്കോർ 3-3 എന്ന തുല്യനിലയിൽ. അതുവരെ ബാഴ്സലോണയുടേത് എന്ന് കരുതപ്പെട്ടിരുന്ന ഫൈനലിലേക്കുള്ള വാതിൽ ലിവർപൂളിനും കൂടി അവകാശപ്പെടാവുന്നതാകുന്നു. 79-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് ഒറിജി വീണ്ടും അവതരിച്ചതോടെ അനന്ത വിസ്മയത്തിൽ അലയടിച്ചുയർന്നു ആൻഫീൽഡിലെ ജനാവലി. എന്നിട്ടും 90-ാം മിനിട്ടിന്റെ അന്തിമ വിസിൽ മുഴങ്ങുന്നതുവരെ അവർ കാത്തിരുന്നു. കാരണം എതിർവശത്ത് മെസിയും സുവാരേസുമുള്ള ബാഴ്സലോണയായിരുന്നല്ലോ. പക്ഷേ വിധി ലിവർപൂളിന് തങ്കത്തളികയിൽ വച്ചുനീട്ടിയ അമൃതകണം തട്ടിതൂകാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞില്ല.
പകരക്കാരുടെ ഗോളുകൾ
ഡിവോക്ക് ഒറിജി ലിവർപൂളിന്റെ സ്ഥിരം ഇലവനിൽ അപൂർവമായാണ് കളിച്ചിരുന്നത്. സലായും ഫിർമിനോയും പരിക്കിലായതോടെയാണ് അവർക്ക് പകരം ഒറിജിയെ ഫസ്റ്റ് ഇലവനിലിറക്കിയത്. കഴിഞ്ഞദിവസം ന്യൂകാസിലിനെതിരായ ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിലും വിജയഗോളടിച്ചത് ഒറിജിയായിരുന്നു.
ആദ്യപകുതിയിൽ പരിക്കേറ്റ റോബർട്ട്സണിന് പകരക്കാരനായാണ് വിയനാൽഡം രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്.
അയാക്‌സോ ടോട്ടൻഹാമോ?
ജൂൺ ഒന്നിന് മാഡ്രിഡിൽ നടക്കുന്ന ഫൈനലിൽ ലിവർപൂളിന്റെ എതിരാളിയാവുക ഡച്ച് ക്ളബ് അയാക്സും ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയി. ആദ്യപാദത്തിൽ അയാക്സ് 1-0 ത്തിന് ടോട്ടൻഹാമിനെ തോൽപ്പിച്ചിരുന്നു. ഇത് മറികടക്കാൻ രണ്ടാംപാദത്തിൽ ടോട്ടൻ ഹമിന് കഴിഞ്ഞാൽ ആൾ ഇംഗ്ളീഷ് ഫൈനൽ.
ഇത് തുടർച്ചയായ രണ്ടാം തവണയാണ്. ലിവർപൂൾചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. കഴിഞ്ഞതവണ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിനോട് തോൽക്കേണ്ടിവന്നു.
2005 ലെ ഫൈനൽ
2005 ലാണ് ഇതിനുമുമ്പ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് നേടിയത്. അന്ന് ഇസ്താംബുളിൽ എ.സി. മിലാനെതിരെ ആദ്യപകുതിയിൽ മൂന്ന് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചാണ് ലിവർപൂൾ കിരീടത്തിലെത്തിയത്. അന്ന് രണ്ടാം പകുതിയിലെങ്കിൽ ഇത്തവണ രണ്ടാംപാദത്തിലായിരുന്നു വിസ്മയകരമായ തിരിച്ചുവരവ്.
9
യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗിൽ ലിവർപൂൾ ഫൈനലിലെത്തുന്നത് ഒൻപതാം തവണയാണ്. ഏറ്റവും കൂടുതൽ യൂറോപ്യൻ ഫൈനൽ കളിക്കുന്ന ഇംഗ്ളീഷ് ക്ളബ്. റയൽ മാഡ്രിഡ് (16), എസി മിലാൻ (11), ബയേൺ മ്യൂണിക് (10) എന്നിവർ മാത്രമാണ് യൂറോപ്പിൽ ഇക്കാര്യത്തിൽ ലിവർ പൂളിന് മുന്നിലുള്ളത്.
ബാഴ്സലോണ തങ്ങളുടെ കഴിഞ്ഞ നാല് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകളിൽ പുറത്താകുന്നത് മൂന്നാംതവണ.
ചാമ്പ്യൻസ് ലീഗിൽ തന്റെ ആദ്യഗോളാണ് ഡിവോക്ക് ഒറിജി നേടിയത്.
ബാഴ്സയുടെ തനിയാവർത്തനം
കഴിഞ്ഞ സീസണിലും നോക്കൗട്ടിലെ ആദ്യപാദത്തിൽ മൂന്ന് ഗോളിന്റെ ലീഡുണ്ടായിരുന്നിട്ടാണ് ബാഴ്സലോണ പുറത്തായത്. ആദ്യപാദ ക്വാർട്ടറിൽ 4-1ന് ജയിച്ചശേഷം എ.എസ്. റോമയോട് രണ്ടാംപാദത്തിൽ 3-0 ത്തിന് തോറ്റു. എവേ ഗോളിന്റെ ബലത്തിൽ റോമ സെമിയിലെത്തി. അവിടെ ലിവർപൂളിനോട് തോറ്റു.
1-0
ഏഴാം മിനിട്ട്
ഡിവോക്ക് ഒറിജി
ഹെൻഡേഴ്സന്റെ ഒരു ഷോട്ട് ബാഴ്സ ഗോളി ടെർസ്റ്റെഗൻ തട്ടിത്തെറിപ്പിച്ചത് പിടിച്ചെടുത്ത് ക്ളോസ് റേഞ്ചിൽ നിന്ന് ഒറിജിയുടെ ഫിനിഷ്.
2-0
54-ാം മിനിട്ട്
വിയനാൽഡം
അൽബയുടെ പിഴവ് മുതലെടുത്ത് പകരക്കാരനായിറങ്ങിയ വിയനാൽഡം ലിവർപൂളിന് ലീഡ് നൽകി.
3-0
56-ാം മിനിട്ട്
വിയനാർഡം
ഷാക്കീരിയുടെ തകർപ്പൻ ക്രോസിനെ അത്യുജ്വല ഹെഡറിലൂടെ വിയനാൽഡം വലയിലെത്തിക്കുന്നു.
4-0
79-ാം മിനിട്ട്
ഒറിജി
അലക്സാൻഡ്രർ അർനോൾഡ് അപ്രതീക്ഷിതമായി തിരിഞ്ഞുകളിച്ച ശേഷം എടുത്ത കോർണർ കിക്ക് വലയിലാക്കി ഒറിജി വിജയ നായകനായി.
ആദ്യപാദത്തിലെ ഹീറോ, ഇന്നലെ സീറോ
ആദ്യപാദ സെമിയിൽ ഇരട്ട ഗോളോടെ മിന്നിത്തിളങ്ങിയ ലയണൽ മെസി രണ്ടാം പാദത്തിൽ തീർത്തും അപ്രസക്തനായി. ബാഴ്സലോണയുടെ എല്ലാ അവസരങ്ങളും സൃഷ്ടിച്ചത് മെസിയാണ്. പക്ഷേ ഒന്നുപോലും ഗോളാക്കാനായില്ല. ആദ്യപാദത്തിൽ ലിവർപൂൾ പ്രതിരോധത്തെ അതിസുന്ദരമായി മെസി മറികടന്നിരുന്നു എന്നാൽ രണ്ടാംപാദത്തിൽ ആ മാജിക് പുറത്തെടുക്കാനായില്ല.
മറ്റൊരു ടീമിനെക്കൊണ്ടും ഇത്തരത്തിലൊരു വിജയം നേടാനാകില്ല. മാനസികമായി അത്രമാത്രം ശക്തരാണ് എന്റെ കുട്ടികൾ. ഈ ടീമിന്റെ കോച്ചായിരിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ജീവിതത്തിൽ എക്കാലവും ഈ വിജയം ഓർമ്മിക്കപ്പെടും.
യൂർഗൻ ക്ളോപ്പ്
ലിവർപൂൾ കോച്ച്