postal-votes

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ തെറ്റായ വിലാസത്തിൽ ശേഖരിച്ച് വോട്ട് ചെയ്ത ഒരു പൊലീസുകാരനെതിരെ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം കേസെടുക്കാനും നാലു പേർക്കെതിരെ വിശദമായ അന്വേഷണം നടത്താനും ഡി.ജി.പി ലോക്‌നാഥ് ബെഹറയ്‌ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകി. എല്ലാവരെയും സസ്പെൻഡ് ചെയ്തേക്കും.

ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ വൈശാഖിനെതിരെയാണ് കേസെടുക്കുന്നത്. ഇയാൾക്കെതിരെ സർവീസ് ചട്ട പ്രകാരവും നടപടിയെടുക്കും. ബാലറ്റുകൾ വ്യാജ വിലാസത്തിൽ ശേഖരിച്ച ഐ.ആർ ബറ്റാലിയനിലെ പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയാണ് അന്വേഷണം.
ക്രമക്കേടിൽ പൊലീസ് അസോസിയേഷന്റെ പങ്ക് ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാനും ഡി. ജി. പിയോട് മീണ നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നൽകിയിട്ടുള്ള പരാതികളും അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്​റ്റൽ ബാല​റ്റ് വിതരണത്തിൽ പൊലീസ് ജില്ലാ നോഡൽ ഓഫീസർമാരുടെ വീഴ്ചയും അന്വേഷിക്കണം.

600 അംഗങ്ങളുള്ള ഐ.ആർ ബറ്റാലിയനിലെ ക്രമക്കേടിൽ മാത്രമാണ് ഇപ്പോൾ നടപടിയുണ്ടായത്. എല്ലാ ജില്ലകളിലും നടന്ന ക്രമക്കേടിൽ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രണ്ട് പൊലീസ് സംഘടനകളുടെ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകൾ കൈക്കലാക്കി വോട്ട് ചെയ്തെന്നാണ് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന്റെ കണ്ടെത്തൽ. ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ വൻതോതിൽ ക്രമക്കേടുണ്ടായെന്നും ഒരേ വിലാസത്തിൽ നൂറുകണക്കിന് ബാലറ്റുകൾ തപാലിൽ എത്തിച്ചെന്നും കണ്ടെത്തിയിരുന്നു. സേനയിലെ 56,000 പൊലീസുകാരിൽ 50,000 പേരും പോസ്റ്റൽ വോട്ടാണ് ചെയ്തത്. വോട്ടെണ്ണൽ ദിനമായ 23ന് രാവിലെ 8വരെ കളക്ടേറ്റുകളിൽ പോസ്റ്റൽ ബാലറ്റ് സ്വീകരിക്കും.

ഇതാണ് തെളിവ്

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോകളുടെ വാട്സ്ആപ് ഗ്രൂപ്പിൽ വൈശാഖ് അയച്ച ശബ്ദസന്ദേശമാണ് തെളിവ്. ''എല്ലാവരുടെയും ശ്രദ്ധയ്ക്ക്, അസോസിയേഷന്റെ ആർക്കാർ വിളിച്ചിട്ട് നമ്മുടെ ടെമ്പിളിൽ നിന്നുള്ള പോസ്​റ്റൽ വോട്ട് കളക്ട് ചെയ്യാൻ ചോദിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് തരാം. എന്റെ പഴ്‌സണൽ ആവശ്യത്തിനല്ല. ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് ലിസ്​റ്റ് കൊടുക്കാനാണ്. സംഭവം സീരിയസ് ആയതു കൊണ്ടു മാത്രമാണ് ഞാൻ ചോദിച്ചത്. നാളെയും മ​റ്റന്നാളുമായി പോസ്​റ്റൽ വോട്ട് ഏൽപ്പിക്കുക.''

പോസ്റ്റൽ ബാലറ്റ് തട്ടിയെടുത്തത് ഇങ്ങനെ

1) പോസ്​റ്റൽ ബാല​റ്റ് വിതരണത്തിന് ചുമലതപ്പെട്ട ജില്ലാ നോഡൽ ഓഫീസർമാരുടെ ഒത്താശയോടെ ബാലറ്റുകൾ വോട്ടറുടെ വിലാസത്തിന് പകരം അസോസിയേഷൻ പ്രവർത്തകരുടെ വിലാസത്തിലേക്ക് അയപ്പിക്കും.

2)വോട്ടറായ പൊലീസുകാരന്റെ പേര് കവറിൽ രേഖപ്പെടുത്തിയ ശേഷം അസോസിയേഷൻ നേതാവിന്റെ കെയറോഫ് വിലാസം നൽകും. തപാൽ അയയ്ക്കുന്നത് വോട്ടർക്കാണെങ്കിലും കിട്ടുന്നത് നേതാവിന്

3)പോസ്റ്റോഫീസിൽ നിന്ന് നേതാവ് ബാലറ്റുകൾ വാങ്ങി വേണ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌ത് കളക്ടറേ​റ്റിലേക്ക് തപാലിൽ അയയ്ക്കും. ബാലറ്റിലെ ഒപ്പ് ഒത്തുനോക്കാൻ സംവിധാനമില്ല.