പാറശാല: ഇടപാടുകാരെ പറ്റിച്ച് മുങ്ങിയ ഫ്രാൻകോ ആൽവിൻ ഫിനാൻസ് ഉടമയ്ക്കെതിരെ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ കേരളത്തിലെ ബ്രാഞ്ചായ പരശുവയ്ക്കലിൽ ആഭരണങ്ങൾ പണയപ്പെടുത്തിയവരും പണയ ഉരുപ്പടികൾ തിരികെ കിട്ടുന്നതിനായി പണം അടച്ച ശേഷം കാത്ത് നിന്നവരുമായ എഴുപതോളം പേർ ചേർന്ന് പാറശാല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണിത്. പളുകൽ വാദ്ധ്യാർകോണം സുവിശേഷപുരം ബംഗ്ലാവിൽ ഫ്രാങ്ക്‌ളിൻ ആണ് സ്ഥാപനത്തിന്റെ ഉടമ. ഞായറാഴ്ച 10 മണിക്ക് ശേഷം ഇയാളെ കാണ്മാനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ സ്ഥാപനത്തിന്റെ ടാക്സ് അടയ്ക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചെന്നൈയിലേക്ക് പോകുകയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാരെ ധരിപ്പിച്ചിരുന്നു. ശനിയാഴ്ച വരെയും പണയ ഉരുപ്പടികൾ തിരികെ എടുക്കുന്നതിനായി സ്ഥാപനത്തിന്റെ ശാഖകളിൽ എത്തിയിട്ടുള്ള പണം സ്വരൂപിക്കുന്നതിനായി സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ മുഖേന പ്രത്യേക ഏർപ്പാടുകൾ നടത്തിയിരുന്നു. ഇയാളും ഉടമയുടെ ഭാര്യയും ഭാര്യാ സഹോദരനും എത്തിയാണ് സ്ഥാപനങ്ങളിൽ എത്തിയ തുകകൾ പിരിച്ചെടുത്തത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് പളുകലിൽ ആരംഭിച്ച ഫിനാൻസിന്റെ ശാഖകളായി പരശുവയ്ക്കലിൽ കഴിഞ്ഞ മൂന്ന് വർഷം മുൻപും, അതിർത്തിക്കടുത്ത് തമിഴ്‌നാട് ഭാഗത്തായി കടുവാക്കുഴിയിൽ കഴിഞ്ഞ രണ്ടര വർഷം മുൻപും ശാഖകൾ തുറന്നു. തമിഴ്‌നാട്ടിൽ പളുകലിൽ ഉണ്ടെന്ന് പറയപ്പെടുന്ന രജിസ്‌ട്രേഷന്റെ മറവിലാണ് മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ശാഖകളിൽ കൂടുതൽ ആഭരണങ്ങൾ പണയം വച്ച് കുറച്ച് തുക ആവശ്യപ്പെടുന്നവർക്കായി കുറഞ്ഞ പലിശ മാത്രം ഈടാക്കുന്ന തട്ടിപ്പ് പദ്ധതി ഇയാൾ നേരത്തേ തന്നെ നടത്തിവന്നിരുന്നു. ഈ തട്ടിപ്പിലൂടെ കൂടുതൽ സ്വർണത്തിന് കുറച്ച് രൂപ മാത്രം നൽകിയതിലൂടെ പലർക്കും വൻ തുകകൾ നഷ്ടമായിട്ടുണ്ട്. പരശുവയ്ക്കലിലെ ഇടപാടുകാർ മാത്രമാണ് പാറശാല സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. എന്നാൽ നിർമ്മൽ ചിട്ടിഫണ്ടിനെ പോലെ കേരളത്തിലെ അതിർത്തിയിലുള്ള സ്ഥാപനമായതുകൊണ്ട് കേരളത്തിൽ താമസിക്കുന്നവരും തമിഴ്നാട് ഭാഗത്തെ ബ്രാഞ്ചുകളുമായി ഇടപാടുകൾ നടത്തിയവർക്ക് തമിഴ് നാട്ടിലെ കളിയിക്കാവിള സ്റ്റേഷനിൽ പരാതി നൽകേണ്ടി വന്നിട്ടുണ്ട്.