തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയിലെ 1595 താത്കാലിക ഡ്രൈവർമാരെയും ജോലിയിൽ നിന്ന് ഒഴിവാക്കും. ഇതിനുശേഷം അവർക്കുതന്നെ നിയമാനുസൃതമായ താത്കാലിക നിയമനം നൽകുമെന്നാണ് അറിയുന്നത്. എംപാനൽ കണ്ടക്ടർമാരെ തുടരാൻ അനുവദിക്കുന്ന രീതിയാകും ഡ്രൈവർമാരുടെ കാര്യത്തിലും തുടരുക.
താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടുന്നതിന് ജൂൺ 30 വരെ സുപ്രീംകോടതി സാവകാശം അനുവദിച്ചത് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന് ആശ്വാസമാണ്. ജീവനക്കാരുടെ ക്ഷാമം കാരണം ബസ് മുടങ്ങാതെ ക്രമീകരിക്കാനാവും. താത്കാലിക ഡ്രൈവർമാരെ നിലനിറുത്തിയിരുന്ന രീതിയെയാണ് കോടതി വിമർശിച്ചതെന്നാണ് വിലയിരുത്തൽ. താത്കാലിക നിയമനമാണെങ്കിൽ 179 ദിവസത്തിൽ കൂടുതൽ തുടർച്ചയായി ജോലി നൽകാൻ പാടില്ല. ഈ നിയമം ലംഘിച്ചതാണ് വിനയായത്. 179 ദിവസത്തിനുശേഷം ഒരു ദിവസം ജോലിയിൽ നിന്നു മാറ്റി നിറുത്താം. അതിനുശേഷം വീണ്ടും അവരെ തന്നെയോ പുതിയ പട്ടികയിൽ നിന്നോ 179 ദിവസത്തേക്ക് നിയമനം നടത്താം. താത്കാലിക ജീവനക്കാരെ കാലാവധി കഴിയുമ്പോൾ ഒരു ദിവസം മാറ്റി നിറുത്തണമെന്ന് ഡിപ്പോ മേധാവിമാർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തൊഴിലാളി സംഘടനകളുടെ നിർബന്ധത്തിന് വഴങ്ങി താത്കാലിക ജീവനക്കാരെ തുടർച്ചയായി ജോലിക്ക് നിയോഗിച്ചിരുന്നു.
''സുപ്രീംകോടതി വിധി മാനിക്കുന്നു. തുടർനടപടികൾ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സിയും വിശദമായി ആലോചിച്ച് തീരുമാനിക്കും'' - എ.കെ. ശശീന്ദ്രൻ, ഗതാഗതമന്ത്രി