മാഡ്രിഡ് : മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷംക്ളേ കോർട്ടിൽ വിജയത്തോടെ റോജർ ഫെഡറർ മടങ്ങിയെത്തി. മാഡ്രിഡ് ഒാപ്പണിന്റെ രണ്ടാംറൗണ്ടിൽ റിച്ചാർഡ് ഗാസ്
ക്വെറ്റിനെ 6-2, 6-3 എന്ന സ്കോറിനാണ് ഫെഡറർ ഇന്നലെ കീഴടക്കിയത്. ആദ്യറൗണ്ടിൽ ഫെഡറർക്ക് ബൈ ലഭിച്ചിരുന്നു.
ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ച്, മാഡ്രിഡിലെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ഡൊമിനിക് തീം എന്നിവരും ഇന്നലെ രണ്ടാംറൗണ്ടിൽ വിജയം നേടി.
നവോമി പ്രീക്വാർട്ടറിൽ
മാഡ്രിഡ് : നിലവിലെ ലോക ഒന്നാംനമ്പർ താരം നവോമി ഒസാക്ക മാഡ്രിഡ് ഒപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് പ്രീക്വാർട്ടറിലെത്തി. സ്‌പെയ്ൻകാരി സോറിബ്സ് ടോർമോയെ 7-6, 3-6, 6- 0 ത്തിനാണ്. രണ്ടാം റൗണ്ടിൽ നവോമി കീഴടക്കിയത്.സിമോണ ഹാലെപ്പ്, കരോളിൻ ഗാർസ്യ എന്നിവരും പ്രീക്വാർട്ടറിലെത്തി.
സ്മിത്തിന് അർദ്ധസെഞ്ച്വറി
ബ്രിസ്ബേൻ : പന്തുരയ്ക്കൽ വിവാദത്തിന്റെ പേരിലെ വിലക്കിന് ശേഷം ആസ്ട്രേലിയൻ കുപ്പായത്തിൽ തിരികെയെത്തിയ മുൻ നായകൻ സ്റ്റീവൻ സ്മിത്ത് ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ അർദ്ധസെഞ്ച്വറി (89) നേടി. എന്നാൽ ആസ്ട്രേലിയ ഇൗ മത്സരത്തിൽ തോറ്റു.
ചെൽസിയുടെ അപ്പീൽ തള്ളി
സൂറിച്ച് : താരങ്ങളെ എടുക്കുന്നതിലെ ചട്ടലംഘനത്തിന്റെ പേരിൽ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസിക്കെതിരെ ചുമത്തിയ ഒരു വർഷത്തെ വിലക്ക് ഫിഫ നീക്കിയില്ല. എന്നാൽ ഇക്കാലയളവിൽ യൂത്ത് താരങ്ങളെ ക്ളബിന് രജിസ്റ്റർ ചെയ്യാം. വിലക്കിനെതിരെ ചെൽസി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഫിഫ ഇക്കാര്യം അറിയിച്ചത്.
റിച്ചാർഡ്സൺ ലോകകപ്പിനില്ല
മെൽബൺ : മാർച്ചിൽ പാകിസ്ഥാനെതിരായ ഏകദിനത്തിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മോചിതനാകാത്ത ആസ്ട്രേലിയൻ പേസർ ജായ് റിച്ചാർഡ്സണിന് ഇംഗ്ളണ്ടിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാനാവില്ല. ജായ്ക്ക് പകരം കേൻ റിച്ചാർഡ്സണിനെ ടീമിൽ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.