എലിമിനേറ്ററിൽ ഹൈദരാബാദിനെ മറികടന്ന് ഡൽഹി ക്വാളിഫയറിലേക്ക്
ചെന്നൈ Vs ഡൽഹി രണ്ടാം ക്വാളിഫയർ നാളെ വിശാഖപട്ടണത്ത്
വിശാഖപട്ടണം :ഐ.പി.എൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ അവസരം സ്വന്തമാക്കി. രണ്ടാം ക്വാളിഫയറിൽ ജയിക്കുന്നവർക്ക് ഫൈനലിൽ മുംബയ്‌യെ നേരിടും.
ഇന്നലെ ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ അവസാന ഒാവർ വരെ പൊരുതി നിന്ന് ഡൽഹി എട്ടു വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയം കണ്ടു.
മാർട്ടിൻ ഗപ്ടിൽ (36), മനീഷ് പാണ്ഡേ (30), ക്യാപ്ടൻ കേൻവില്യംസൺ (28), വിജയ് ശങ്കർ (25), മുഹമ്മദ് നബി (20) എന്നിവരുടെ പോരാട്ടമാണ് ഹൈദരാബാദിനെ 162 ലെത്തിച്ചത്. 38 പന്തിൽ 56 റൺസെടുത്ത പൃഥി ഷായുടെയും 21 പന്തിൽ 49 റൺസെടുത്ത റിഷഭ് പന്തിന്റെയും ബാറ്റിംഗാണ് ഡൽഹിക്ക് വിജയം നൽകിയത്.
മാർട്ടിൻ ഗപ്ടിൽ (36), മനീഷ് പാണ്ഡേ (30), ക്യാപ്ടൻ കേൻവില്യംസൺ (28), വിജയ് ശങ്കർ (25), മുഹമ്മദ് നബി (20) എന്നിവരുടെ പോരാട്ടമാണ് ഹൈദരാബാദിനെ 162 ലെത്തിച്ചത്.
വിശാഖപട്ടണത്ത് ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടൻ ശ്രേയസ് അയ്യർ ഹൈദരാബാദിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു വൃദ്ധിമാൻ സാഹയും (8) മാർട്ടിൻ ഗപ്ടിലും (36) ചേർന്നാണ് സൺറൈസേഴ്സിനുവേണ്ടി ഒാപ്പണിംഗിന് ഇറങ്ങിയത്. ഗപ്ടിൽ തുടക്കം മുതൽ തകർത്തടിച്ചു. മൂന്നാം ഒാവറിന്റെ അവസാന രണ്ട് പന്തുകളിലും ഗപ്ടിൽ സ്വന്തം നാട്ടുകാരൻ ട്രെന്റ് ബൗൾട്ടിനെ സിക്സിന് പറത്തി. എന്നാൽ ആദ്യ ഒാവറിലെ ആദ്യപന്തിൽ ഡി.ആർഎസിലൂടെ രക്ഷപ്പെട്ടിരുന്ന സാഹ നാലാം ഒാവറിലെ ആദ്യപന്തിൽ കൂടാരം കയറി. ഇശാന്ത് ശർമ്മയെ ആഞ്ഞടിക്കാൻ ശ്രമിച്ച സാഹയെ മിഡ് ഒാഫിൽ ശ്രേയസ് പിടികൂടുകയായിരുന്നു
തുടർന്ന് ഗപ്ടിലും മനീഷ് പാണ്ഡെയും ചേർന്ന് പവർ പ്ളേയിലെ ആറോവറിൽ 54/1 ഇന്ന സ്കോറിലെത്തിച്ചു. 19 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടിച്ച ഗപ്ടിൽ ഏഴാം ഒാവറിലാണ് മടങ്ങിയത്. അമിത് മിശ്രയുടെ പന്തിൽ കീമോ പോളിനായിരുന്നു ക്യാച്ച്. ഇതോടെ സൺറൈസേഴ്സ് 56/2 എന്ന നിലയിലായി. 36 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ പറത്തിയ മനീഷ് പാണ്ഡെ 14-ാം ഒാവറിൽ പുറത്താകുമ്പോൾ സൺറൈസേഴ്സ് 90/2 എന്ന സ്കോറിലെത്തിയിരുന്നു. കീമോ പോളിന്റെ പന്തിൽ റുഥർ ഫോർഡിന് ക്യാച്ച് നൽകിയാണ് പാണ്ഡെ തിരിച്ചുനടന്നത്. ടീം സ്കോർ 111ലെത്തിയപ്പോൾ കേൻ വില്യംസൺ പുറത്തായ ശേഷം വിജയ് ശങ്കറും നബിയും ചേർന്ന് പോരാട്ടം തുടർന്നു. എന്നാൽ അവസാന രണ്ടോവറിൽ വിജയ് ശങ്കർ, നബി, ദീപക് ഹൂഡ (4), റാഷിദ് ഖാൻ (0) എന്നിവരെ നഷ്ടമായി.
ഡൽഹിക്ക് വേണ്ടി കീമോ പോൾ നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശർമ്മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. അമിത് മിശ്രയും ബൗൾട്ടും ഒാരോ വിക്കറ്റ് സ്വന്തമാക്കി.
ചേസിംഗ് ത്രില്ലർ
മറുപടിക്കിറങ്ങിയ ഡൽഹിക്ക് വേണ്ടി ഷാ അർദ്ധസെഞ്ച്വറിയുമായി നല്ല തുടക്കമിട്ടു. ശിഖർ ധവാനും (17) നായകൻ ശ്രേയസും (8) ഷായും പുറത്തായശേഷം ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. റിഷഭ് ഒരറ്റത്ത് നിൽക്കേ റാഷിദ് ഖാൻ മൺറോ(14) ,അക്ഷർ പട്ടേൽ (0) എന്നിവരെ 15-ാം ഒാവറിൽ പുറത്താക്കിയതോടെ കളി ആവേശകരമായി.എന്നാൽ 18-ാം ഒാവറിൽ ബേസിൽ തമ്പിയെ 22 റൺസിന് ശിക്ഷിച്ച് പന്ത് വീണ്ടും ഡൽഹിക്ക് കരുത്തേകി.അടുത്ത ഒാവറിൽ റൂഥർഫോഡിനെയും പന്തിനെയും പുറത്താക്കിയ ഭുവനേശ്വർ കളി വീണ്ടും ത്രില്ലറാക്കി.
ഫീൽഡിംഗ് തടസപ്പെടുത്തി,
അമിത് മിശ്ര ഒൗട്ടായി
അവസാന ഒാവറിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ഫീൽഡിംഗ് തടസപ്പെടുത്തി റൺഒൗട്ട് ഒഴിവാക്കാൻ സ്റ്റംപിന് നേരേ ഒാടിയ അമിത് മിശ്രയെ റിവ്യൂവിലൂടെ ഒബ്സ്ട്രക്ടിംഗ് ദ ഫീൽഡ് ഒൗട്ട് വിധിച്ചു.എന്നാൽ ഒരു പന്ത് ബാക്കി നിറുത്തി ബൗണ്ടറിയിലൂടെ കീമോ പോൾ ഡൽഹിയെ വിജയത്തിലെത്തിച്ചു.
മാൻ ഒഫ് ദ മാച്ച്
റിഷഭ് പന്ത്
21 പന്തുകൾ
49 റൺസ്
2 ഫോറുകൾ
5 സിക്സുകൾ
ഡൽഹി ടീം ഐ.പി.എല്ലിൽ ഒരു പ്ളേ ഒാഫ് മത്സരത്തിൽ വിജയം നേടുന്നത് ഇതാദ്യം