money

കൊല്ലം: അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്‌ടറികളിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള ആശ്വാസധനം അടിച്ചുമാറ്റിയ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കും. ഒപ്പം വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്യും. ഇന്ന് ചേരുന്ന കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ ബോർഡ് ഒഫ് ഡയറക്‌ടേഴ്‌സ് ആയിരിക്കും തീരുമാനമെടുക്കുക. തൊണ്ണൂറായിരം രൂപ കള്ള ഒപ്പിട്ടെടുത്തതായി ഉദ്യോഗസ്ഥൻ സമ്മതിച്ചിട്ടുണ്ട്. കൊട്ടിയം ഓഫീസിലെ ഇൻസ്‌പെക്‌ടറായ ഇദ്ദേഹം ചവറ സ്വദേശിയാണ്. തിര‌ഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യാൻ കൈമാറിയ തുക ആരോ തട്ടിയെടുത്തതായി കണ്ടെത്തിയ ഉടൻ ആഭ്യന്തര അന്വേഷണം നടത്തിയവഴി ഉദ്യോഗസ്ഥന് രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചെന്ന് ബോർഡ് സി.ഇ.ഒ വിജയകുമാർ പറഞ്ഞു. തട്ടിപ്പിൽ ഉദ്യോഗസ്ഥന് പുറമെ ദിവസ വേതനക്കാരായ രണ്ട് ജീവനക്കാർക്ക് കൂടി പങ്കുണ്ടെന്ന കണ്ടെത്തലിൽ ഇവരെ ഉടൻ പിരിച്ചുവിട്ടെന്നും സി.ഇ.ഒ പറഞ്ഞു.

നാൽപ്പത്തിയഞ്ച് തൊഴിലാളികൾക്കുള്ള ആശ്വാസ ധനമാണ് തട്ടിയെടുത്തത്. തങ്ങൾക്ക് പണം കിട്ടിയില്ലെന്നും വ്യാജ ഒപ്പിട്ട് ചിലർ പണം കൈപ്പറ്റിയതായും സി.ഇ.ഒയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. മലപ്പുറം ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യവെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഈ ഉദ്യോഗസ്ഥൻ ബോർഡിലേക്ക് ഡെപ്യൂട്ടേഷൻ സമ്പാദിച്ച് സ്വന്തം നാടായ കൊല്ലത്ത് എത്തിയത്. ഈ ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്‌ത എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ ഇന്റേണൽ ഓഡിറ്റ് ടീമിനെ നിയോഗിക്കുന്ന കാര്യവും ഇന്ന് പരിഗണിച്ചേക്കും. മറ്റൊരു വകുപ്പിൽ നിന്ന് വന്ന ഉദ്യോഗസ്ഥനായതിനാൽ വകുപ്പ് തല നടപടികൾ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഈ ശുപാർശയും ഇന്ന് ചേരുന്ന ഡയറക്‌ടർ ബോർഡ് സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. സ്വന്തം വകുപ്പിൽ നിന്ന് ഇത് രണ്ടാം തവണയാണ് ഇദ്ദേഹം ഡെപ്യൂട്ടേഷനിൽ എത്തുന്നത്. നേരത്തെ തയ്യൽ തൊഴിലാളി ക്ഷേമനിധിയിലും ഇദ്ദേഹം സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടപ്പോൾ തുക തിരിച്ചടച്ച് രക്ഷപ്പെടുകയായിരുന്നത്രെ.