nurse

മെയ് 12, അന്താരാഷ്ട്ര നഴ്സസ് ദിനം. രോഗാതുരമായ ഒരുപാട് ജീവിതങ്ങൾക്ക് സാന്ത്വനമേകി പുതുജീവിതം നൽകുന്നവരാണ് നഴ്സുമാർ. ഇവർ സമൂഹത്തിന്റെ അഭിമാനമാണ്. ആധുനിക ശുശ്രൂഷാരീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേൽ മുതൽ നിപ്പാ വൈറസിനെ ധീരമായി പ്രതിരോധിച്ച് ജീവൻ വെടിഞ്ഞ ലിനിയെപ്പോലെ എത്രയോ മഹത്തായ നിസ്വാർത്ഥ ജീവിതങ്ങൾ... അഭിമാനമാണ്, ആനന്ദമാണ് ഈ ശുശ്രൂഷ. രോഗീപരിചരണം എത്രമാത്രം ഭംഗിയായും മെച്ചമായും നിർവഹിക്കുമോ അത്രയും സന്തോഷം നാം ലോകത്തിനായി നൽകുകയാണ്.

ഇന്ന് രോഗങ്ങൾ പഴയതും പുതിയതുമായി പെരുമഴയായി പെയ്തിറങ്ങുമ്പോൾ ഏറെ ആശങ്കയിലാണ് ലോകം. രോഗങ്ങൾ വർദ്ധിക്കുമ്പോഴും നഴ്സുമാർ രാപകലില്ലാതെ ചെയ്യുന്ന നിസ്വാർത്ഥ സേവനം ജീവിതങ്ങൾക്ക് പുതുവെളിച്ചം പകരുന്നതാണ്. ഒരു നല്ല നഴ്സിന്റെ നിറഞ്ഞ പുഞ്ചിരിയും കരുതലുമാണ് ഒരു രോഗിയുടെ അതിജീവനത്തിന് വഴിയൊരുക്കുന്നത്. ദുർഘടവും അതിസാഹസികവുമായ പല സന്ദർഭങ്ങളേയും വെല്ലുവിളിച്ച് സധൈര്യം സേവനം ചെയ്യുന്ന നഴ്സുമാർ മാനവരാശിയുടെ നിലനില്പിന് തന്നെ ഒരു മുതൽക്കൂട്ടാണ്.

പരിചരണത്തിലുള്ള ശുഷ്കാന്തി, സേവന തല്പരത, നൂതന ചികിത്സാ രീതികൾ ഉൾക്കൊള്ളുവാനുള്ള കഴിവ് ഇവയെല്ലാം മലയാളി നഴ്സുമാരെ ലോകമെങ്ങും ആദരിക്കുവാനും സ്വീകരിക്കുവാനും ഇടയാക്കുന്നു. ഈ മഹത്തായ പാരമ്പര്യം അനുസ്യൂതം മുന്നോട്ടുകൊണ്ടുപോവാനാകട്ടെ പുതുതലമുറയിൽപ്പെട്ട നഴ്സുമാരായ നമ്മുടെ ശ്രമം.

റോസിലി. എം.ഡി.

നഴ്സിംഗ് സൂപ്രണ്ട്,

എസ്.യു.ടി ഹോസ്പിറ്റൽ,

പട്ടം, തിരുവനന്തപുരം.