red-39

അലിയാരുടെ പുരികം ചുളിഞ്ഞു. ഡിവൈ.എസ്.പിക്ക് തന്നോട് ഉള്ളിൽ നീരസമുണ്ടെന്ന് അയാൾക്കറിയാം. ഒരു കേസിൽ താൻ സത്യത്തിന്റെ ഭാഗത്തു നിന്നത് അയാൾക്ക് ഇഷ്ടമായിട്ടില്ല....

''സാർ....." അലിയാർ വിളിച്ചു. അപ്പുറത്ത് ഡിവൈ.എസ്.പി ആദിൽനാഥിന്റെ കനത്ത മൂളൽ.

''നീ ഉടൻ പെരിന്തൽമണ്ണയ്ക്ക് വരണം. ഒരു മണിക്കൂറിനുള്ളിൽ....''

''സാർ, ഞാൻ ഇവിടെ..."

പൂർത്തിയാക്കുവാൻ അലിയാരെ സമ്മതിച്ചില്ല ഡിവൈ.എസ്.പി.

''നീ അവിടെ എന്ത് മലമറിക്കുകയാണെങ്കിലും എനിക്ക് നിന്നെ കണ്ടേപറ്റൂ. കം റ്റു മൈ ഓഫീസ് ഇമ്മീഡിയറ്റ്‌ലി."

സാർ.... അങ്ങനെ പറഞ്ഞെങ്കിലും അലിയാരുടെ മുഖമിരുണ്ടു.

ആദിൽ സാർ പറയാൻ പോകുന്ന കാര്യം തനിക്ക് സുഖമുള്ളതായിരിക്കില്ലെന്ന് അയാൾ ഊഹിച്ചു.

അപ്പോൾ ഡിവൈ.എസ്.പി.യുടെ ശബ്ദം വീണ്ടും കേട്ടു.

''ങാ, നീ വരുമ്പോൾ സി.പി.ഒ. ഗംഗാധരനെക്കൂടി കൊണ്ടുവരണം."

അലിയാറിൽ അടുത്ത ഞെട്ടൽ....

ഇവിടെ നടന്നത് ഡിവൈ.എസ്.പി സാർ അറിഞ്ഞോ എന്നൊരു തോന്നൽ....

എന്തായാലും പോകാതിരിക്കാനാവില്ല....

''ഗംഗാധരാ..... മൊഴിയെടുപ്പ് കുറച്ചു കഴിഞ്ഞാവാം. താനും വാ എന്റെ കൂടെ. നമ്മൾ തിരിച്ചുവരുംവരെ ഇവനെ ലോക്കപ്പ് ചെയ്തേര്."

''സാർ...." ഗംഗാധരൻ തിരിഞ്ഞു വാസുക്കുട്ടിയെ നോക്കി. വാടാ..."

വാസുക്കുട്ടി അയാൾക്കൊപ്പം പോയി.

സി.ഐ. ക്യാപ്പ് എടുത്ത് ശിരസ്സിൽ വച്ചു. കെയിനും പിസ്റ്റളും എടുത്തു.

പുറത്തിറങ്ങിയിട്ട് എസ്.ഐയ്ക്കും പൊലീസുകാർക്കും കർശന നിർദ്ദേശം നൽകി.

''ഞാൻ വരാതെ, വാസുക്കുട്ടിയെ പാർപ്പിച്ചിരിക്കുന്ന സെല്ല് തുറക്കാനോ, ആര് വന്നാലും അയാളുമായി സംസാരിക്കാൻ അവസരമുണ്ടാക്കാനോ പാടില്ല."

അലിയാരും ഗംഗാധരനും ചെന്ന് ജീപ്പിൽ കയറി

അലിയാരാണ് ഡ്രൈവ് ചെയ്തത്.

പെരിന്തൽമണ്ണയ്ക്ക്

ആ സമയം എം.എൽ.എ. ശ്രീനിവാസ കിടാവ് തന്റെ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഓഫീസിൽ അസ്വസ്ഥനായി ഉണ്ടായിരുന്നു.

അയാൾക്കരികിൽ പ്രജീഷും.

വാസുക്കുട്ടിയുടെ കുറ്റ സമ്മതം ഇരുവരും അറിഞ്ഞിരുന്നു.

ഇനി എന്തുചെയ്യും സാർ? പ്രജീഷിനു പേടി തോന്നി. ആ അലിയാരാണെങ്കിൽ മേലുകീഴു നോക്കാത്തവനാണ്. നമ്മൾ ഇതിനു പിന്നിലുണ്ടെന്ന് മീഡിയക്കാർക്ക് ന്യൂസ് കിട്ടിയാൽ..... ഒരു കാര്യം നോക്കിയിരിക്കുകയാണ് അവർ. ഇപ്പത്തന്നെ 'ബന്ധുനിയമന'ത്തിന്റെ പേരിലെ പ്രശ്നങ്ങൾ ഒന്നടങ്ങി വന്നതല്ലേയുള്ളൂ സാറിന്? ഈ ഇലക്ഷൻ സമയത്ത് ഇക്കാര്യം ചാനലുകാർ അന്തിച്ചർച്ച ആക്കിയാൽ.."

അതുതന്നെയാണ് കിടാവിനെയും ഏറ്റവും അസ്വസ്ഥനാക്കിയത്.

തന്റെ പാർട്ടിയിൽപ്പെട്ട ഒരു യൂത്ത് നേതാവാണ് ബന്ധു നിയമന വിവാദം കോളിളക്കത്തിലേക്ക് വലിച്ചിഴച്ചത്.

ഇലക്ഷൻ കഴിഞ്ഞാൽ അവനൊരു പണി കൊടുക്കാൻ തീർച്ചപ്പെടുത്തിയിരിക്കുകയുമാണ്.

അതിനിടയിൽ ഈ പ്രശ്നം കൂടി വന്നാൽ....

ശ്രീനിവാസ കിടാവ് അലമാരയിൽ നിന്ന് 'ഷിവാസ് റീഗിളി'ന്റെ ഒരു ബോട്ടിൽ എടുത്തു.

താറാവിന്റെ കഴുത്ത് വിരിക്കുന്നതുപോലെ കുപ്പിയുടെ അടപ്പ് തുറന്നു. പിന്നെ വെള്ളംപോലും ചേർക്കാതെ രണ്ട് കവിൾ വിഴുങ്ങി.

അന്നനാളത്തെ എരിച്ചുകൊണ്ട് മദ്യം ആമാശയത്തിലേക്ക് പോയിട്ടും കിടാവിന് ഒന്നും തോന്നിയില്ല.....

അവൻ ഡിവൈ.എസ്.പി ആദിൽനാഥ് ഒരു ആർത്തിപ്പണ്ടാരമാ... അയാൾ മുന്നിട്ടിറങ്ങിയാൽ കേസ് ഒതുങ്ങും. അല്ലെങ്കിൽ ഒതുക്കും. അറ്റകൈ പ്രയോഗിച്ചിട്ടാണെങ്കിലും."

കിടാവ് ഒരു കവിൾ മദ്യം കൂടി അകത്താക്കിയിട്ട് പുറംകൈകൊണ്ട് ചുണ്ടു തുടച്ചു.

''പക്ഷേ, പണ്ടാരക്കാലൻ വച്ചിരിക്കുന്ന ഓഫർ രണ്ടുകോടിയാണ്."

''രണ്ടു കോടിയോ?" പ്രജീഷിനു കണ്ണുതള്ളി.

''ഓ, കാര്യം നടന്നാൽ കൊടുക്കാതിരിക്കാൻ പറ്റുമോ? പെട്ടുപോയില്ലേ?" കിടാവിന് ആരോടൊക്കെയോ ഉള്ള ദേഷ്യം പുകഞ്ഞു പുറത്തുചാടി. ''ഇനിയും ആരുടെയൊക്കെ അണ്ണാക്കിലേക്ക് ലക്ഷങ്ങളും കോടികളും തള്ളി വയ്ക്കേണ്ടിവരുമെന്ന് ആരറിഞ്ഞു?"

പ്രജീഷ് മിണ്ടിയില്ല. തങ്ങൾക്ക് കിട്ടേണ്ട ലാഭത്തിന്റെ പങ്കാണ് ഒഴുകിപ്പോകുന്നതെന്ന് അയാൾ ഓർത്തു.

*******

പെരിന്തൽമണ്ണ

ഡിവൈ.എസ്.പിയുടെ കാര്യാലയം. മുറ്റത്ത് ജീപ്പ് നിറുത്തി സി.ഐ. അലിയാരും സി.പി.ഒ. ഗംഗാധരനും ഇറങ്ങി.

സെൻട്രി, സി.ഐയ്ക്ക് സല്യൂട്ട് നൽകി.

''സാറ് അകത്തുണ്ടോ?"

അലിയാർ അയാളോട് തിരക്കി.

''സാർ, ഇപ്പോൾ പുറത്തേക്ക് പോയല്ലോ.."

അലിയാരുടെ നെറ്റി ചുളിഞ്ഞു. അയാൾ ഡിവൈ.എസ്.പിയുടെ സെല്ലിലേക്ക് വിളിച്ചു.

''സാർ, ഞങ്ങളെത്തി"

''വെയിറ്റ് ചെയ്യ്. ഞാൻ ഒരു മണിക്കൂറിനുള്ളിൽ വരും."

ഡിവൈ.എസ്.പി. ഫോൺ കട്ടു ചെയ്തു.

(തുടരും)