crime

തിരുവനന്തപുരം : പാറശാല ആറയൂർ കൊച്ചറപ്പുര ആർ.കെ.വി ഭവനിൽ ബിനുവിനെ (41) കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുഴിച്ചുമൂടിയ സംഭവത്തിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നതായി പൊലീസ് വെളിപ്പെടുത്തുമ്പോൾ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമായി ഉന്നത പൊലീസുദ്യോഗസ്ഥരെ നേരിൽകാണാനുള്ള ശ്രമത്തിലാണ് ബിനുവിന്റെ വീട്ടുകാർ. നാട്ടുകാരുടെയും വി.എസ്.ഡി.പി നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിലേക്ക് മൗന ജാഥ നടത്തും. അതിനുശേഷം ഡി.ജി.പിയെ നേരിൽ കണ്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുമെന്ന് ബിനുവിന്റെ സഹോദരൻ രാജൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

ഫ്ളാഷ് ബാക്ക്

കഴിഞ്ഞ മാസം 20 നാണ് അവിവാഹിതനായ ബിനുവിനെ കാണാതായത്. വീട്ടുകാർ പാറശാല പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം കടമ്പാട്ടുവിള സ്വദേശി ഷാജിയുടെ പുരയിടത്തിൽ ചാക്കിൽകെട്ടി കുഴിച്ചുമൂടിയ നിലയിൽ വികൃതമായ മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം ഷാജിയുടെ വീട്ടിൽ ബിനു എത്തിയിരുന്നതായി നാട്ടുകാരിൽ ചിലർ പൊലീസിന് നൽകിയ വിവരമാണ് മൃതദേഹം കണ്ടെത്താൻ സഹായകമായത്. ഷാജിയും സുഹൃത്തുക്കളുമൊത്ത് മദ്യസൽക്കാരം നടത്താറുണ്ടായിരുന്ന വീട്ടിൽ ബിനുവിനെ കൂട്ടിക്കൊണ്ടുവന്ന് അപായപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ബിനുവിന്റെ മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ സ്ളാബിളക്കി അതിനുള്ളിൽ ഇടാൻ ആറയൂർ സ്വദേശി വിനയനെന്ന യുവാവിന്റെ സഹായം ഷാജി തേടിയെങ്കിലും അയാൾ തയ്യാറായില്ല. ഈ വിരോധത്തിൽ വിനയനെ ചുറ്റികയ്ക്ക് അടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഷാജിയുടെ വീടിന്റെ മതിൽചാടി രക്ഷപ്പെട്ട ഇയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൊലപാതകം നടന്നതിന് അടുത്തദിവസമാണ് ഇയാൾ വീട്ടിലെത്തിയതെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസിലെ പ്രധാന സാക്ഷിയാക്കി.

കൊലപാതകം കഴുത്ത് ഞെരിച്ച്

ഷാജി സംഭവദിവസം തന്ത്രപൂർവ്വം ബിനുവിനെ വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. കഴുത്തിന്റെ കശേരുക്കൾ തകർന്നതും ശ്വാസം മുട്ടിയതും മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകം നടത്തിയശേഷം മൃതദേഹം ചാക്കിൽ കയറ്റാനും കുഴിച്ചുമൂടാനും സഹായിച്ചത് ഷാജിയ്ക്കൊപ്പം ഇപ്പോൾ ഒളിവിൽ കഴിയുന്ന സുഹൃത്തും മരപ്പണിക്കാരനുമായ പല്ലൻ അനിയാണെന്നാണ് നിഗമനം.

ഷാജിയും അനിയും രക്ഷപ്പെട്ടത് പൊലീസുകാരന്റെ ബൈക്കിൽ

അന്വേഷണം മുറുകുന്നതായി മനസിലാക്കിയ ഷാജിയും കൂട്ടാളിയായ അനിയും കൊല്ലപ്പെട്ട ബിനു ഉപയോഗിച്ചുവന്ന ബൈക്കിലാണ് നാടുവിട്ടത്. ബിനുവിന്റെ സുഹൃത്തായ പൊലീസുകാരന്റേതായിരുന്നു ബൈക്ക്.

പൊലീസുകാരന്റെ ബൈക്ക് ഏറെ നാളായി ബിനുവാണ് ഉപയോഗിച്ചിരുന്നത്. സംഭവദിവസം ബിനു ഈ ബൈക്കിലാണ് ഷാജിയുടെ വീട്ടിൽ എത്തിയത്. പരശുവയ്ക്കൽ ആലമ്പാറയ്ക്ക് സമീപം ബൈക്ക് കണ്ടെത്തിയെങ്കിലും ഷാജിയേയും അനിയെയും പറ്റി യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല.

അന്വേഷണം ഊർജിതമെന്ന് പൊലീസ്

ബിനുവിനെ കൊലപ്പെടുത്തിയ കേസിൽ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സംഘങ്ങളായി അന്വേഷണം തുടർന്നുവരികയാണ്. ഷാജിയും അനിയും മൊബൈൽഫോൺ ഉപയോഗിക്കാത്തതും ബന്ധുക്കളെയോ നാട്ടിലുള്ള സുഹൃത്തുക്കളെയോ ബന്ധപ്പെടാത്തതും പ്രതികളെ കണ്ടെത്താൻ തടസമാകുന്നുണ്ട്. മൂന്നാഴ്ചയായി നാടുവിട്ട് കഴിയുന്ന ഇവർ ഏതോ രഹസ്യ കേന്ദ്രത്തിലാണെന്നാണ് സംശയം. ഇവരുമായി ബന്ധമുള്ള നൂറ് കണക്കിനാളുകളെ ചോദ്യം ചെയ്തതായും എത്താൻ സാദ്ധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം പൊലീസെത്തിയതായും അന്വേഷണ സംഘം അവകാശപ്പെടുമ്പോഴും പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പോലും പൊലീസിനായിട്ടില്ല.